അഭയ കേസ്: മാണിയും പാട്ടീലും ഇടപെട്ടെന്ന് ജോമോന്‍
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ഇടപെട്ടിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ആരോപിച്ചു.
അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ മാണി ദില്ലി സന്ദര്‍ശിച്ചത് സംശയകരമാണ്. ദില്ലിയില്‍ എന്നെ കണ്ടപ്പോള്‍ മാണി പറഞ്ഞ ചില കാര്യങ്ങളും കേസില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നവയാണ്- ജോമോന്‍ പറഞ്ഞു.
ബുധനാഴ്‌ച കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ വഴിയും കേസില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായതായി ജോമോന്‍ ആരോപിക്കുന്നു.
പട്ടീലിന്റെ ഇടപെടലാണ് ഏറ്റവും ഒടുവില്‍ കേസന്വേഷണം വഴിമുട്ടാന്‍ കാരണമായതെന്നാണ് അദ്ദേഹത്തിന്റെ വാദം. പുതിയ സിബിഐ സംഘത്തിന്റെ നടപടി പ്രത്യാശ തരുന്നുവെന്നും താന്‍ വര്‍ഷങ്ങളായി നടത്തിവന്ന നിയമയുദ്ധത്തിന്റെ ഫലമുണ്ടാകാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും ജോമോന്‍ പറഞ്ഞു.
കേസ് അട്ടിമറിയ്‌ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഭയ ആത്മഹത്യ ചെയ്‌തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സിബിഐ മുന്‍ സൂപ്രണ്ട് ത്യാഗരാജന്‍, മുന്‍ ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി മൈക്കിള്‍, പൊലീസ് സര്‍ജനായിരുന്ന ഡോക്ടര്‍ സി രാധാകൃഷ്‌ണന്‍, മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ബി ഉമാദത്തന്‍, അന്നത്തെ ആര്‍ഡിഒ കിഷോര്‍ എന്നിവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജോമോന്‍ പറഞ്ഞു.












Click it and Unblock the Notifications