വിദ്യാര്‍ഥിനികളുടെ ആത്മഹത്യ: ലൈംഗിക പീഡനം നടന്നതായി സംശയം
ആലപ്പുഴ: അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തതു സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്‌കൂളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റു വിദ്യര്‍ത്ഥികള്‍ തുടങ്ങി നാല്‍പ്പതിലേറെ പേരെ പൊലീസ് ചോദ്യംചെയ്‌തു കഴിഞ്ഞു. ഇതിനിടെ മരിച്ച വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സൂചനകളെത്തുടര്‍ന്ന് ഈ നിലയ്‌ക്കും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങളാണ് ലൈംഗിക ചൂഷണം നടന്നതായി സംശയമുയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പെണ്‍കുട്ടികളുടെ പെരുമാറ്റ രീതിയിലും അവരുമായി അടുത്തിടപഴകിയിരുന്നവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.
സ്‌കൂളിന് പുറത്തുള്ള വല്ലവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമറിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞ് അന്വേഷണം ഏത് രീതിയില്‍ നടത്തണമെന്നതിനെക്കുറിച്ച് പൊലീസ് തീരുമാനിയ്‌ക്കും.
കുട്ടികളുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ആണ്‍കുട്ടികളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുമായി പെണ്‍കുട്ടികളുടെ ആത്മഹത്യയ്‌ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല.
മരിച്ച കുട്ടികളില്‍ ഒരാള്‍ പിതാവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അയച്ച് ചില സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ ഡയറിയും പൊലീസ് പരിശോധിച്ചിട്ടുണ്ട്. അമ്പലപ്പുഴ സിഐ സി.കെ ഉത്തമന്റെ നേതൃത്വത്തില്‍ മൂന്നു സംഘമായിട്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications