പാകിസ്‌താന്‍ സഹകരിയ്‌ക്കണമെന്ന് റൈസ്
ദില്ലി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ പാകിസ്‌താന്‍ പരിപൂര്‍ണമായി സഹകരിയ്‌ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ നടപടികള്‍ സുതാര്യവുമായിരിക്കണം.
ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് അമേരിക്കയുടെ പൂര്‍ണ സഹായം ഉണ്ടാകും -ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈദരാബാദ് ഹൗസില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു റൈസ്.
മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് ദില്ലിയിലെ അമേരിക്കന്‍ എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും റൈസ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചു. മുംബൈയില്‍ അല്‍ക്വയ്‌ദ ആക്രമണ രീതിയിലുള്ള ആക്രമണമാണ് നടന്നിട്ടുള്ളത്. ഇതില്‍ അല്‍ക്വയ്‌ദയുടെ പങ്ക് തള്ളിക്കളയാനാകില്ല. മറ്റൊരു ഭീകരാക്രമണം തടയുകയാണ് നമ്മുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ പാകിസ്‌താന്‍ പൂര്‍ണമായും സഹകരിയ്‌ക്കണം.
മുംബൈ ആക്രമണങ്ങളില്‍ അമേരിക്കന്‍ ജനതയുടെ അനുശോചനം അറിയിക്കാനും ഭീകരാക്രമണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കോണ്ടലീസ റൈസ് ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് ബുഷിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു റൈസിന്റെ സന്ദര്‍ശനം.
9/11 ആക്രമണത്തിന് ശേഷം യുഎസ് നടപ്പാക്കിയ സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് റൈസ് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും റൈസ് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി.
സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ച വിദേശകാര്യ മന്ത്രി പാകിസ്താന്റെ നടപടികളെ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയിലേക്ക് ഭീകരര്‍ എത്തുന്നത് പാകിസ്താനില്‍ നിന്നാണെന്ന ആരോപണം ആവര്‍ത്തിച്ച മുഖര്‍ജി പാകിസ്താന്റെ നിലപാടുകള്‍ അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications