അഴിമതിയ്‌ക്കെതിരെ പോരാട്ടം തുടരും: വിഎസ്
ദില്ലി: അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. ശനിയാഴ്‌ചത്തെ പൊളിറ്റ് ബ്യൂറോയോഗം കഴിഞ്ഞ് ഞായറാഴ്‌ച രാവിലെ കേരളത്തിലേയ്‌ക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ നയം വ്യക്തമാക്കിക്കഴിഞ്ഞ സ്ഥിതിയ്‌ക്ക് ഇനി തനിയ്‌ക്കൊന്നും പറയാനില്ലെന്ന് വിഎസ് വ്യക്തമാക്കി.
പ്രതിപക്ഷത്തിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും തുടര്‍ന്നുവന്ന അഴിമതിവിരുദ്ധ പ്രക്ഷോഭം ഇനിയും തുടരും. ഇടമലയാര്‍ കേസില്‍ അഴിമതി നടന്നെന്ന ആരോപണം ഉന്നയിച്ചത് ഞാനാണ്.
ആര്‍ ബാലകൃഷ്‌ണപിള്ളയെ കേരള ഹൈക്കോടതി ശിക്ഷിച്ചതാണ്. സുപ്രീം കോടതിയില്‍ അപ്പീലിന് പോയി ശിക്ഷയ്‌ക്ക് സ്‌റ്റേ വാങ്ങിച്ചു. ഇപ്പോഴും കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്- വിഎസ് ഓര്‍മ്മിപ്പിച്ചു.
അതുപോലെതന്നെ മുന്‍മന്ത്രി പത്മരാജന് പങ്കുള്ള ബ്രഹ്മപുരം കേസില്‍ 25 കോടിയുടെ അഴിമതി നടന്നെന്ന ആക്ഷേപം ഉന്നയിച്ചതും ഞാനാണ്. പിന്നീട് നമ്പ്യാര്‍ കമ്മീഷന്‍ കേസന്വേഷിച്ചപ്പോള്‍ 125 കോടിയുടെ തിരിമറി നടന്നുവെന്നു തെളിഞ്ഞു.
8 വര്‍ഷമായി പാമോയില്‍ കേസും സജീവമാണ്. പ്രമുഖരായ യുഡിഎഫ് നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവന്നതും ഞാനാണ്- വിഎസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications