രോഗിയുടെ നഗ്നചിത്രമെടുത്ത ഡോക്ടര്‍ക്ക് ശിക്ഷ
കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സതേടിയെത്തിയ വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രം കാമറയില്‍ പകര്‍ത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്‌തു.
സര്‍ജറി വിഭാഗത്തിലെ എസ്5 വിഭാഗത്തില്‍ ജോലിചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍ ഹബീബ് മുഹമ്മദിനെയാണ് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആര്‍ ഗിരീഷ് സസ്‌പെന്റ് ചെയ്‌തത്.
ഇയാള്‍ ഗവേഷണത്തിന് ഭാഗമായി ചെയ്‌തിരുന്ന തീസിസില്‍ നിന്നും മാറ്റി നിര്‍ത്താനും ഉത്തരവുണ്ട്. എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് പഠിയ്‌ക്കുന്നതിനിടെ വിളക്ക് മറിഞ്ഞ് പൊള്ളലേറ്റ പതിനഞ്ചുകാരിയുടെ ഫോട്ടോയാണ് ഡോക്ടര്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്.
സംഭവത്തെക്കുറിച്ച് മൂന്നംഗസമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ ഉമാദേവി, ത്വക് രോഗ വിഭാഗം മേധാവി നജീബ റിയാസ്, മെഡിക്കല്‍ വിഭാഗം തവലന്‍ ഡോക്ടര്‍ പികെ ശശിധരന്‍ തുടങ്ങിയവരടങ്ങിയ മൂന്നംഗസമിതിയാണ് പരാതി അന്വേഷിച്ചത്.












Click it and Unblock the Notifications