സംവരണ കേസ് ഹൈക്കോടതി വിധി റദ്ദാക്കി
ദില്ലി: പിഎസ്‌സി നിയമനത്തിലെ ഒഴിവുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം 50:50 അനുപാതത്തില്‍ നടപ്പാക്കണമെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്എസും പിഎസ് സിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. നിയമനം 20:20 ശതമാനത്തില്‍ തുടരാമെന്നും കോടതി ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.
പിഎസ് സി നിയമനങ്ങളില്‍ ഒറ്റ യൂണിറ്റായി സംവരണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു വേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതു ചെയ്യാതെ കോടതിയില്‍ വാദത്തിനെത്തുകയല്ല വേണ്ടതെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
ആയുര്‍വേദ ഡോക്ടര്‍മാരുടെ നിയമനം 50:50 ആക്കണമെന്ന് കഴിഞ്ഞ മെയ് 23ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ തസ്തികകളിലും ഈ അനുപാതം ബാധകമാക്കാന്‍ ഹൈക്കോടതി നവംബറില്‍ വിധിച്ചത്. മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കിയാല്‍ നിരവധിയാളുകളെ പിരിച്ചു വിടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പിഎസ് സി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.
ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പിഎസ്‌സി നിയമനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ നിയമ നടപടികള്‍ ഉടന്‍ പുനരാരംഭിയ്ക്കുമെന്ന് പിഎസ് സി ചെയര്‍മാന്‍ കെപി സലാഹുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications