13000 ജീവനക്കാര്‍ സത്യം വിട്ടു
ദില്ലി: സാമ്പത്തിക ക്രമക്കേട് നടന്ന സോഫ്‌റ്റ് വേര്‍ കമ്പനി സത്യം കമ്പ്യൂട്ടേഴ്‌സില്‍ നിന്നും 13,000ത്തോളം ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പോയി.
മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജു കമ്പനിയില്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് വെളിപ്പെടുത്തിയതില്‍പ്പിന്നെ കമ്പനിയില്‍ ജീവനക്കാരുടെ നില സുരക്ഷിതമല്ലായിരുന്നു. കമ്പനിയുമായി കരാറുണ്ടാക്കിയിരുന്ന ഇടപാടുകാരില്‍ പലരും മറ്റു കമ്പനികളുമായി ധാരണയുണ്ടാക്കിയതോടെ ജീവനക്കാരുടെ നില തീര്‍ത്തും പ്രതിസന്ധിയിലായിരുന്നു.
കമ്പനിയുടെ 51 ശതമാനവും വില്‍ക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചതോടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആദ്യം എല്‍ആന്റ് ടിയും പിന്നീട് ഐബിഎം, സ്‌പൈസ് ഗ്രൂപ്പ്, ടെക് മഹീന്ദ്ര എന്നിവയും ഏറ്റവും അവസാനം ഐ ഗേറ്റും സത്യത്തെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നെങ്കിലും എല്ലാവരും അവസാനം പിന്മാറുകയായിരുന്നു.
ഇടപാടുകാരില്ലാത്തതും ജീവനക്കാര്‍ കൊഴിഞ്ഞുപോകുന്നതുമാണ് ഏറ്റെടുക്കലിന് തടസ്സമാകുന്ന പ്രധാന കാരണങ്ങള്‍. സത്യത്തില്‍ നിന്നും തങ്ങളുടെ പ്രൊജക്ട് പിന്‍വലിച്ച് ഇടപാടുകാര്‍ മറ്റു സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ്.
ഇങ്ങനെ നിലവിലുള്ള പ്രൊജക്ടുകള്‍ക്കൊപ്പംതന്നെയാണ് മിക്ക ജീവനക്കാരും മറ്റു കമ്പനികളില്‍ ചേരുന്നത്. കഴിഞ്ഞ ദിവസം മുന്നൂറോളം ജീവനക്കാര്‍ ബാങ്ക് ഓഫ് അമേരിക്കയില്‍ ജോലിക്കുചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മെറില്‍ ലിഞ്‌ജിന് വേണ്ടിയുള്ള ഒരു പ്രൊജക്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നായിരുന്നുവത്രേ ഇത്.












Click it and Unblock the Notifications