കരുണാനിധി നിരാഹാരം അവസാനിപ്പിച്ചു
ചെന്നൈ: ശ്രീലങ്കയില്‍ അടിയന്തര വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതിനായി ഇന്ത്യ ഇടപെടണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കരുണാനിധി നിരാഹാരസമരം നിര്‍ത്താന്‍ തീരുമാനിച്ചത്.
അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ടെലിഫോണില്‍ വിളിച്ച് കരുണാനിധിയ്‌ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യം സമരം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പിന്നീട് എല്ലാവരും നിര്‍ബ്ബന്ധിയ്‌ക്കുകയും സോണിയയും ഉറപ്പ് നല്‍കുകയും ചെയ്‌തതോടെയാണ് നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത്.
തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെ മറീന ബീച്ചിലെ അണ്ണാ സ്‌ക്വയറിലെത്തി പുഷ്‌പചക്രം സമര്‍പ്പിച്ച കരുണാനിധി അവിടെ നിരാഹാര സമരമിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മകന്‍ അഴിഗിരി കരുണാനിധിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് മധുരയില്‍ നിരാഹാരസമരം തുടങ്ങിയിരുന്നു.
കരുണാനിധിയുടെ സമരത്തെത്തുടര്‍ന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായ വാഹനങ്ങള്‍ക്ക് നേരെയും കടകള്‍ക്കുനേരെയും അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കലൈഞ്‌ജറുടെ ജീവന്‍ വിലപ്പെട്ടതാണെന്ന് അലമുറയിട്ടുകൊണ്ടാണ് അനുയായികള്‍ മറീന ബീച്ചിലെ അണ്ണാ സ്‌ക്വയറിലേയ്‌ക്ക് എത്തിക്കൊണ്ടിരുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് പ്രത്യേക തമിഴ് ഈഴം വേണമെന്ന് ഡിഎംകെയുടെ പ്രധാന എതിരാളികളായ എഐഎഡിഎംകെയുടെ നേതാവ് ജയലളിത ഞായറാഴ്‌ച ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തമിഴ് വംശജര്‍ക്കുവേണ്ടി തിങ്കളാഴ്‌ച രാവിലെ കരുണാനിധി നിരാഹാരസമരം ആരംഭിച്ചത്.












Click it and Unblock the Notifications