കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ ഭാഗികം; പരക്കെ അക്രമം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ നിര്‍ദ്ദേശം ശരിവച്ച മന്ത്രിസഭാ നടപടിയില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം.

രാവിലെ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെങ്കിലും പത്തുമണിയോടെ പലയിടത്തുനിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. നിര്‍ബ്ബന്ധിച്ച്‌ വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും യുഡിഎഫ്‌ നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും നിരത്തിലിറങ്ങിയ അണികള്‍ അക്രമം നടത്തുകയാണ്‌.

പലേടത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിലാണ്‌ അക്രമങ്ങള്‍ കൂടുതലും നടന്നത്‌.

തിരുവനന്തപുരത്ത്‌ എംഎല്‍എ ഹോസ്‌റ്റലിന്‌ മുന്നിലും കേരളസര്‍വ്വകലാശാലാ ആസ്ഥാനത്തും ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സര്‍വ്വകലാശാലാ ജീവനക്കാരെ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്ന്‌ ജോലിചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വിഭാഗം ജീവനക്കാര്‍ പ്രകടനം നടത്തി.

ഇത്‌ കൂടുതല്‍ സംഘര്‍ഷത്തിന്‌ വഴിവയ്‌ക്കുകയായിരുന്നു. ആക്രമത്തെത്തുടര്‍ന്ന്‌ രാവിലെ സര്‍വ്വീസ്‌ നടത്തിയ പല കെഎസ്‌ആര്‍ടിസി ബസുകളും ട്രിപ്പുകള്‍ റദ്ദാക്കി. നഗരങ്ങളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്‌.

മലബാര്‍ മേഖലയില്‍ ഓട്ടോകളും മറ്റും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഉത്തരകേരളത്തില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. മലപ്പുറം ജില്ലയിലെ മമ്പാട്ട്‌ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ്‌ ഇടപെട്ടത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി. സംഘര്‍ഷത്തില്‍ സിഐയ്‌ക്കും ബസ്‌ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്‌.

സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ബസിന്‌ കല്ലെറിഞ്ഞ യുഡിഎഫ്‌ പ്രവര്‍ത്തകനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X