വിമര്‍ശനം രൂക്ഷം: ഇളക്കമില്ലാതെ വിഎസ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസില്‍ വിചാരണയ്‌ക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
ലാവലിന്‍ പ്രശ്‌നവും ഇതില്‍ വിഎസിന്റെ നിലപാടും പ്രധാന വിഷയങ്ങളായിക്കണ്ട് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിഎസ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. യോഗത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങള്‍ക്ക് പൊളിറ്റ് ബ്യൂറോയില്‍ മറുപടി നല്‍കുമെന്നും എല്ലാകാര്യങ്ങളും അവിടെ വിശദീകരിക്കുമെന്നും വിഎസ് അറിയിച്ചു. മുഖ്യമന്തിപ്പദവിയിലിരിക്കെ തന്റെ നിലപാടില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
മുഖ്യമന്ത്രിസ്ഥാനം ഭരണഘടനാ പദവിയാണ്. അതിലിരുന്ന് മറ്റൊരു ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വിമര്‍ശിക്കാന്‍ കഴിയില്ല- വിഎസ് വിശദീകരിച്ചു.
ഇതിനിടെ വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ഒരു വട്ടംകൂടി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെയ്‌ക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചുവെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിഎസ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയതോടെ 19ന് ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗവും തുടര്‍ന്ന് വരുന്ന കേന്ദ്രകമ്മിറ്റിയും അതി നിര്‍ണായകമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കേസിന്റെ മറ്റുകാര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്‌ച ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
വെള്ളിയാഴ്‌ച രാവിലെ പതിനൊന്നുമണിയോടെ ചേര്‍ന്ന യോഗം ഉച്ചതിരിഞ്ഞ് ഒരുമണിയോടെ അവസാനിച്ചിരുന്നു. പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ഇഎംഎസ് സെമിനാറില്‍ പങ്കെടുക്കുന്നതിനായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗമായ രാമചന്ദ്രന്‍ പിള്ളയും നാളെ കേരളത്തിലെത്തന്നുണ്ട്.












Click it and Unblock the Notifications