ലാവലിന്‍: കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കണം
കൊച്ചി: ലാവലിന്‍ കേസില്‍ തെളിവില്ലെന്നു പറഞ്ഞ് അന്വേഷണത്തില്‍ നിന്നു ഒഴിവാക്കിയ മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയന്‍, ബോര്‍ഡംഗങ്ങളായ ഗോപാലകൃഷ്‌ണന്‍, മാത്യു റോയി, എന്നിവര്‍ക്കെതിരേ വീണ്ടും അന്വേഷണം നടത്താന്‍ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ച വേളയിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. കേസിലെ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. ജൂലായ് 29നകം പ്രതികള്‍ സമന്‍സിന് മറുപടി നല്‌കകണം.
കാര്‍ത്തികേയനെതിര അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം കേസുമായി വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടു പോവുകയായിരുന്ന സിബിഐയ്‌ക്ക് ക്ഷീണമായിട്ടുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ട് ലാവലിന്‍ കമ്പനിയുമായി ധാരണപത്രം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത് കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ മൂന്ന് വെള്ളപേപ്പറുകളില്‍ മാത്രമാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവച്ചതെന്ന് കുറ്റപത്രത്തില്‍ സിബിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചന ആരംഭിച്ചത് കാര്‍ത്തികേയന്റെ കാലത്താണെന്നും എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ വിശദീകരിച്ചിരിയ്‌ക്കുന്നത്. ഇതാണ് കോടതി തള്ളിക്കളഞ്ഞിരിയ്‌ക്കുന്നത്.
അന്വേഷണത്തില്‍ നിന്നും കാര്‍ത്തികേയനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎമ്മും എല്‍ഡിഎഫിലെ മറ്റുഘടകകക്ഷികകളും ആരോപിച്ചിരുന്നു. സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ പി ജ്യോതിന്ദ്രനാഥാണ് കേസ് പരിഗണിച്ചത്. കോടതി കുറ്റപത്രം അംഗീകരിച്ചു. സിബിഐയ്‌ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ ഹാജരായി.












Click it and Unblock the Notifications