പന്നിപ്പനി: ആശുപത്രികള്‍ക്ക് മാര്‍ഗരേഖ
ദില്ലി: പന്നിപ്പനിബാധിച്ചവരുടെ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കുന്നു.
കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്‌ച പുനെയില്‍ പതിനാലുകാരി പന്നിപ്പനി ബാധിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി. രോഗം കണ്ടെത്തുന്നതിലും ചികിത്സിയ്‌ക്കുന്നതിലും ആശുപത്രി അധികൃതര്‍ വരുത്തിയ വീഴ്‌ചയാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
രോഗലക്ഷണം പ്രകടമായ ഉടനെ രോഗികളെ പ്രത്യേകം വാര്‍ഡുകളിലേയ്‌ക്ക് മാറ്റാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സഹായിക്കുന്ന നടപടികള്‍ മാര്‍ഗരേഖയിലുണ്ടാകുമെന്ന് ഗുലാംനബി ആസാദ് അറിയിച്ചു.
അതുപോലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ക്ക് രോഗികളുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള അധികാരം നല്‍കാനുള്ള നടപടികളും പരിശോധനാഫലങ്ങള്‍ ഇരുപത്തിനാല് മണിക്കൂറിനകം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയിലുണ്ടാകും-ആസാദ് പറഞ്ഞു.
ഇതിനിടെ രാജ്യത്ത് ഏഴ് പേര്‍ക്കുകൂടി പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 588 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. പുനെ നഗരത്തിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.












Click it and Unblock the Notifications