ഫോണ്‍ ചോര്‍ത്തലിന് പ്രത്യേക സംവിധാനം
ദില്ലി: രാജ്യത്തെ എല്ലാ നെറ്റ് വര്‍ക്കുകളിലേയും ഫോണ്‍ കോളുകള്‍ നിരീക്ഷിയ്‌ക്കാവുന്ന കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്‌സ് ഓഫ് ടെലിമാറ്റിക്(സിഡോട്ട്)സിന്റെ സഹായത്തോടെ 800 കോടി രൂപയുടെ ബൃഹത് സംവിധാനമാണ് ഒരുക്കുക. ദില്ലിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. അടുത്തഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം നിലവില്‍ വരും.
നിലവില്‍ അതത് ലാന്‍ഡ് ഫോണ്‍-മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ സഹായത്തോടെയാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നത്. കോടതിയുടെയോ, നിയമപാലകരുടെയും വാറന്റോടു കൂടി അപേക്ഷിച്ചാല്‍ മാത്രമേ സ്വകാര്യ ഫോണ്‍ കമ്പനികള്‍ കോളുകള്‍ ചോര്‍ത്തുകയുളളൂ. അടിയന്തിര ഘട്ടത്തില്‍ ഇവരുടെ സഹായം തേടുന്നത് കാലതാമസത്തിന് ഇടയാക്കാറുണ്ട്. അന്വേഷണ രഹസ്യം ചോരുകയെന്ന പ്രശ്‌നവും ഇതിലുണ്ട്.
പുതിയ സംവിധാനം വരുന്നതോടെ ഇത് ഒഴിവാക്കാനാകും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ട് ഫോണ്‍കോളുകള്‍ ചോര്‍ത്താനും കൂടുതല്‍ രഹസ്യസ്വഭാവത്തോടെ അവ വിശകലനം ചെയ്യാനും സാധിക്കും.
ലാന്‍ഡ് ഫോണ്‍-മൊബൈല്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാവുന്ന സംവിധാനമാണ് ആദ്യം വരുന്നതെങ്കിലും അന്താരാഷ്ട്രകോളുകളും ഇന്റര്‍നെറ്റ് ഡാറ്റ സന്ദേശങ്ങളും ഇതിലൂടെ പരിശോധിക്കാനാകും.












Click it and Unblock the Notifications