ദില്ലി: പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യ തലസ്ഥാനമായ ദില്ലിയിലെ ജനനനിരക്കില്‍ പെണ്‍മേല്‍ക്കോയ്‌മ. സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ പ്രകാരം 2008ല്‍ ദില്ലിയില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പിറന്നത് പെണ്‍കുഞ്ഞുങ്ങളാണ്. 1000 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ 1004 പെണ്‍കുട്ടികളാണ് ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം ജനിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ ആണ്‍കുട്ടികളായിരുന്നു കൂടുതല്‍ ജനിച്ചിരുന്നത്.
പെണ്‍കുഞ്ഞാണെന്നറിയുമ്പോള്‍ തന്നെ ഗര്‍ഭഛിദ്രം നടത്തുന്നതാണ് ആണ്‍-പെണ്‍ അനുപാതത്തില്‍ മാറ്റം വരുത്തിയിരുന്നത്. ഗര്‍ഭഛിത്രം നടത്തുന്ന കേസുകളില്‍ ഏറ്റവും കൂടുതല്‍ ഇരയായിരുന്നത് പെണ്‍ ഭ്രൂണങ്ങളാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ഇതോടെ പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ ദില്ലി രാജ്യത്ത് രണ്ടാം സ്‌ഥാനത്തെത്തി. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറെക്കാലമായി കേരളമാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്.