ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു
കൊല്ലം: കൊല്ലത്ത് ദേശീയപാതയില്‍ നെല്ലിമുക്കില്‍ മറിഞ്ഞ പാചകവാതക ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ച തുടരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ചുറ്റവളവിലെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ലോറി മറിഞ്ഞത്. പാചകവാതകം നിര്‍വീര്യമാക്കുന്ന നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കോയമ്പത്തൂരില്‍ നിന്നും എമര്‍ജന്‍സി റെസ്‌ക്യൂ വെഹിക്കിള്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ പാചക വാതകം തീരാന്‍ പത്തു മണിക്കൂര്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. ഭാരത് പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍റേഷന്റെയും എഞ്ചിനീയര്‍മാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തീ കത്തിയ്‌ക്കരുതെന്നും മൊബൈല്‍ ഫോണ്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിയ്‌ക്കരുതെന്നും പ്രദേശവാസികള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി, മൊബൈല്‍ ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
വാതകചോര്‍ച്ചയുണ്ടായതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതവും തിരിച്ചുവിട്ടു. ഇതേ തുടര്‍ന്ന് കൊല്ലം ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മുളങ്കാടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയം എന്നീ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications