ജസ്വന്ത് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു
ദില്ലി: ബിജെപിയില്‍നിന്നു പുറത്തായതോടെ മുന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് പലരഹസ്യങ്ങളും വിളിച്ചുപറഞ്ഞ് പാര്‍ട്ടിയ്ക്ക് വീണ്ടും വീണ്ടും തലവേദനയുണ്ടാക്കുന്നു.
കാണ്ടഹാര്‍ വിമാനറാഞ്ചലുമായി ബന്ധപ്പെട്ടുള്ള രഹസ്യമാണ് വെള്ളിയാഴ്ച ജസ്വന്ത് വെളിപ്പെടുത്തിയ പ്രധാന കാര്യം. കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 166 യാത്രക്കാരെ മോചിപ്പിക്കാന്‍ ഭീകരര്‍ ആവശ്യപ്പെട്ടപ്രകാരം തടവിലുണ്ടായിരുന്ന മൂന്നു ഭീകരരുമായി അന്നു വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് അഫ്ഗാനിസ്ഥാനിലേക്കു പോയതാണു വിഷയം.
ജസ്വന്ത് ഭീകരരുമായി കാണ്ടഹാറിലേക്കു പോയതു താന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍. കെ. അദ്വാനി പിന്നീടു പറയുകയും തിരഞ്ഞെടുപ്പു പ്രചാരണസമയത്തു ജസ്വന്ത് അതു ശരിവയ്ക്കുകയും ചെയ്തിരുന്നു.
അദ്വാനികൂടി പങ്കെടുത്ത കേന്ദ്രമന്ത്രിസഭായോഗത്തില്‍ ഭീകരരെ കാണ്ടഹാറില്‍ കൊണ്ടുപോയി യാത്രക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം താന്‍തന്നെയാണു പ്രഖ്യാപിച്ചതെന്നു ജസ്വന്ത് വെളിപ്പെടുത്തി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജസ്വന്ത് വെളിപ്പെടുത്തിയത്.
ആഭ്യന്തരമന്ത്രി സമ്മതിച്ച് ഒപ്പിടാതെ തടവില്‍ കിടക്കുന്ന ഭീകരരെ എങ്ങനെ വിടാനാവുമെന്ന് അദ്ദേഹം ചോദിച്ചു. അദ്വാനിയുടെ പറഞ്ഞത് താങ്കള്‍ ശരിവച്ചതെന്തിനെന്നു ചോദിച്ചപ്പോള്‍- 'സഹപ്രവര്‍ത്തകനുവേണ്ടി അതു മറച്ചുവയ്ക്കുകയായിരുന്നു. എന്റെ പ്രതിബദ്ധതയുടെയും കൂറിന്റെയും ഭാഗമായാണ് അതിനെ കണ്ടത് ' എന്നായിരുന്നു ജസ്വന്തിന്‍റെ മറുപടി.
കാണ്ടഹാറിലേക്കു താന്‍ പോയത് അവിടെ നല്ലൊരു നൈറ്റ് ക്ളബ് ഉണ്ടായതുകൊണ്ടല്ല, 166 പേരുടെ ജീവന്‍ രക്ഷിക്കാനാണെന്നും ജസ്വന്ത് പറഞ്ഞു.












Click it and Unblock the Notifications