മരിച്ചുകൊണ്ടിരിക്കുന്ന ചാവുകടല്‍

സമുദ്രനിരപ്പില്‍ നിന്നും 422.83മീറ്റര്‍ താഴേയാണിപ്പോള്‍ ചാവുകടല്‍. കടല്‍ വറ്റാന്‍ തുടങ്ങിയതോടെ ഇവിടേയ്‌ക്കുള്ള വിനോദസഞ്ചാരികളുടെ വരവും ഏതാണ്ട് നിലയ്‌ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ ഉപ്പുതടാകം വറ്റുന്നതിന്റെ തോത് ഓരോ വര്‍ഷവും കൂടിവരുകയാണെന്നാണ് പരസ്ഥിതി ശാസ്‌ത്രജ്ഞര്‍ പറയുന്നത്.
ജോര്‍ദ്ദാന്‍ നദി ഒഴികിച്ചേരുന്നത് ചാവുകടലിലാണ്. ഉപ്പിന്റെ സാന്ദ്രത വളരെ അധികമുള്ളതിനാല്‍ ഇതിലെ വെള്ളത്തില്‍ ആളുകള്‍ക്ക് പൊങ്ങിക്കിടക്കാന്‍ സാധിക്കും. ഈ പ്രത്യേകത തന്നെയാണ് ഇവിടേയ്‌ക്ക് സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരുന്നതും. ഉപ്പിന്റെ സാന്ദ്രത കൂടുതലായതിനാല്‍ ജലജീവികള്‍ക്ക് ഇതില്‍ ജീവിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണിതിന് ചാവുകടല്‍ എന്ന് പേരുവീണത്.
ഇപ്പോള്‍ ഈ പേര് അറംപറ്റിയതുപോലെ കടല്‍ തന്നെ ചാവാന്‍ തുടങ്ങുകയാണ്. വര്‍ഷം നൂറുകോടി ഘനമീറ്റര്‍ വെള്ളമാണ് ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും ചാവുകടലില്‍ എത്തിയിരുന്നത്. എന്നാലിപ്പോള്‍ ഇതിന്റെ പത്തുശതമാനം വെള്ളം മാത്രമാണ് എത്തിച്ചേരുന്നത്.
നദിയൊഴുകുന്ന വഴിയില്‍ പലയിടത്തും തടയണകെട്ടി ഇസ്രയേലും ജോര്‍ദ്ദാനും പലസ്‌തീനും ജലം പങ്കിട്ടെടുക്കാന്‍ തുടങ്ങിയതോടെയാണ് കടലിന്റെ ദുര്‍ഗതി തുടങ്ങിയത്. കഴിഞ്ഞ 33 വര്‍ഷത്തിനിടെ ഇതിലെ ജലനിരപ്പ് 25 മീറ്ററാണ് താണത്. ജൂലൈയില്‍ ജലനിരപ്പ് 19 സെന്റീമീറ്റര്‍ താണു. ആഗസ്റ്റായപ്പോള്‍ ഇത് 18 സെന്റീമീറ്ററായിരുന്നു.
ശുദ്ധജലം ഇതിലേക്കൊഴുക്കി നാശത്തെ തടുക്കാന്‍ ശ്രമം നടത്തിയെങ്കിലും 1960കള്‍ മുതല്‍ ഈ വെള്ളം കുടിവെള്ള സംഭരണിയിലേക്ക് തിരിച്ചുവിടാന്‍ തുടങ്ങി. കടലിനടിയിലുള്ള ധാതുക്കള്‍ക്കുവേണ്ടിയുള്ള ഖനനവും ഇതിന്റെ നാശത്തിന് വേഗതകൂടി.
ചാവുകടലിനെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചെങ്കടലില്‍ നിന്നും വെള്ളം കരിങ്കടലില്‍ നിറയ്‌ക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള സാധ്യതാ പഠനത്തില്‍ ലോകബാങ്കില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങള്‍ ധനസഹായം നേടിക്കഴിഞ്ഞു.
എന്നാല്‍ ചാവുകടലിനും കരിങ്കടലിനുമിടയില്‍ ഇത്തരമൊരു ചാല്‍ ഉണ്ടാക്കുന്നതിന് പകരം മറ്റെന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. കിഴക്ക് ജോര്‍ദ്ദാനും പടിഞ്ഞാറ് ഇസ്രയേലും വെസ്റ്റ് ബാങ്കുമാണ് ചാവുകടലിന്റെ അതിരുകള്‍.












Click it and Unblock the Notifications