തരൂരിന്റെ പരാമര്‍ശം വെറും ഫലിതം: മന്‍മോഹന്‍

അതേസമയം തരൂരിന്റെ പരാമര്‍ശത്തെ വീണ്ടും അപലപിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്‌ച വൈകീട്ട് പ്രധാനമന്ത്രി ഒരുക്കിയ ഇഫ്‌ത്താര്‍ വിരുന്നിനിടെയാണ് തരൂരിന്റെ പരാമര്‍ശം വെറും തമാശമാത്രമാണെന്ന് മന്‍മോഹന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പ്രധാനമന്ത്രിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് ശശി തരൂര്‍.
ഇതിനിടെ വിവാദപരാമര്‍ശത്തില്‍ ട്വിറ്ററിലൂടെ തന്നെ മാപ്പു പറഞ്ഞ തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിളിച്ച് ഖേദം അറിയിച്ചിതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ ലൈബീരിയയില്‍ സന്ദര്‍ശനം നടത്തുകയാണ് തരൂര്‍.
തരൂരിനെതിരെ യഥാസമയം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് പാര്‍ട്ടി വക്താവ് മനീഷ് തിവാരിയാണ്. തരൂര്‍ രാജിവയ്‌ക്കണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
തരൂരിന്റെ പരാമര്‍ശം വിവാദമാക്കിയവരെ പരിഹസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനായ ജേക്കബ് ജോസഫ് നടത്തിയ പരാമര്‍ശത്തെയും മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
ഈ പരാമര്‍ശം നടത്തിയത് പൊതുപ്രവര്‍ത്തനം നടത്തുന്നയാളല്ല സ്വകാര്യ വ്യക്തിയാണ്. അങ്ങനെ ഒരാളുടെ പരാമര്‍ശത്തിന് ഒരി വിലയും കല്‍പ്പിക്കേണ്ടതില്ല. മാധ്യമങ്ങളും ഇത് കാര്യമായിട്ടെടുക്കരുത്- അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ തന്നെയാണ് ജോസഫ് തരൂരിനെതിരായ വിവാദത്തെ അപലപിച്ചിരിക്കുന്നത്. ഇദ്ദേഹമുള്‍പ്പെടെ ഒട്ടേറെ സുഹൃത്തുക്കള്‍ തരൂരിനെ അനുകൂലിച്ചുകൊണ്ട് ട്വിറ്ററില്‍ പോസ്‌റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ വക്താവ് എന്നാണ് തരൂരിനെ കുറ്റപ്പെടുത്തിയ എഐസിസി വക്താവ് ജയന്തി നടരാജനെക്കുറിച്ച് ഒരു സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications