ലഷ്‌ക്കര്‍ ഭീകരനെ പെണ്‍കുട്ടി വെടിവെച്ചു കൊന്നു
ശ്രീനഗര്‍: വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ലഷ്‌കര്‍ ഭീകരനെ പെണ്‍കുട്ടി വെടിവെച്ചു കൊന്നു. രജൗരി ജില്ലയിലെ ഷഹ്‌ദ്ര ഷരീഫിലുള്ള നൂര്‍ അമ്മദിന്റെ മകള്‍ റുക്‌സാന കൗസറാണ് ഭീകരനെ വെടിവെച്ചിട്ടത്.
ഞായറാഴ്‌ച രാത്രിയാണ് നൂര്‍ മുഹമ്മദിന്റെ വീട്ടിലേക്ക് വെടി ഉതിര്‍ത്തു കൊണ്ട് ആറ് ഭീകരര്‍ കടന്നുകയറിയത്. ഇരുപതുകാരിയായ റുക്‌സാനയെ തങ്ങള്‍ക്കൊപ്പം വിടണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനെ എതിര്‍ത്ത പിതാവ് നൂര്‍ മുഹമ്മദിനെയും മാതാവ് റാഷിദയേയും ഭീകരര്‍ ആക്രമിച്ചു. റുക്‌സാനയുടെ സഹോദരന്‍ ഇജാസ് ഇവരെ ചെറുത്തെങ്കിലും ഭീകരര്‍ തോക്കിന്റെ പാത്തിക്കൊണ്ട് ഇജാസിനെ അടിച്ചു വീഴ്‌ത്തി. തുടര്‍ന്ന് അവര്‍ വീടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ റുക്‌സാന ഭീകരരിലൊരാളുടെ എകെ 47 തോക്ക് തട്ടിയെടുത്ത് വെടിവെയ്‌ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇത് കണ്ട് പരിഭ്രാന്തരായ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ച റുക്‌സാനയേയും കുടുംബത്തേയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിച്ചതായും ഇവരുടെ സംരക്ഷണത്തിന് പോലീസിനെ നിയോഗിച്ചതായും രജൗരി ഡിഐജി എസ്‌ഡിഎസ് ജാംവാള്‍ അറിയിച്ചു.
ഭീകരരെ സഹായിക്കുന്ന തദ്ദേശവാസികളുടെ നിലപാടില്‍ വന്ന മനംമാറ്റമാണ് ഇത്തരം സംഭവങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ബദേര്‍വായില്‍ തന്നെ പീഡിപ്പിച്ച ഭീകരരെ പിടികൂടുന്നതിന് പെണ്‍കുട്ടി പൊലീസിനെ സഹായിച്ചത് വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications