കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ബാംഗ്ലൂര്‍: നേതൃമാറ്റത്തില്‍ക്കുറഞ്ഞ ഒരു നിര്‍ദ്ദേശം അംഗീകരിയ്‌ക്കില്ലെന്ന് വിമതരും നേതൃത്വം മാറില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഉറച്ചു നിന്നതോടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. പ്രശ്‌നപരിഹാരത്തിന് വിമത നേതാക്കളെ കേന്ദ്ര നേതൃത്വം ദില്ലിയ്‌ക്ക് വിളിപ്പിച്ചിട്ടുണ്ട്. അരുണ്‍ ജെയ്‌റ്റ്‌ലി ബാംഗ്ലൂരില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തിലാണിത്.
അതേസമയം, എംഎല്‍എമാരെ അണനിരിത്തി ശക്തി തെളിയിക്കാന്‍ വിമതര്‍ ശ്രമം തുടങ്ങിയതോടെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ് വിട്ടുവീഴ്‌ചയ്‌ക്ക് തയാറായിട്ടുണ്ട്. വൈകാരികമായ പ്രതികരണങ്ങള്‍ മാത്രമാണ് തനിക്കെതിരേ ഉയരുന്നതെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. വിമതര്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ജഗദീഷ് ഷെട്ടാറെ മന്ത്രിയാക്കാമെന്ന് യെദ്യൂരപ്പ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തത്‌കാലത്തേക്ക് സ്‌പീക്കര്‍ പദവിയില്‍ നിന്നിറങ്ങാനില്ലെന്നും യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയാകാനില്ലെന്നും ഷെട്ടാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
117 എംഎല്‍എമാരില്‍ 60 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണു വിമതരുടെ വാദം. 80 പേര്‍ തനിക്കൊപ്പമെന്ന് യെദ്യൂരപ്പയും അവകാശപ്പെടുന്നുണ്ട്. തങ്ങള്‍ക്കൊപ്പമുള്ളവരെ റാഞ്ചിയെടുക്കുമെന്ന ഭയമുള്ളതിനാല്‍ വിമതര്‍ക്കൊപ്പമുള്ള 60 എംഎല്‍എമാരെ ഹൈദരാബാദിലേക്കു മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, എല്‍.കെ. അദ്വാനി, സുഷമ സ്വരാജ് എന്നിവര്‍ വിമതനേതാക്കളായ ഷെട്ടാര്‍, റവന്യു മന്ത്രി ജി കരുണാകര റെഡ്ഡി, ടൂറിസം മന്ത്രി ജനാര്‍ദന റെഡ്ഡി, ആരോഗ്യമന്ത്രി ബി ശ്രീരാമലു എന്നിവരുമായി തിങ്കളാഴ്‌ച ദില്ലിയില്‍ ചര്‍ച്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍, തന്‍റെ നിലപാട് പരസ്യമാണെന്നും ഇനി മാറ്റില്ലെന്നും ഷെട്ടാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്‌ച ബംഗ്ലൂരിലെ ആര്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹം ബിജെപി നേതൃത്വത്തിന് മുന്നിലും തന്റെ നിലപാട് വ്യക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ഷെട്ടാര്‍ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന് യെദ്യൂരപ്പ വാഗ്‌ദാനം ചെയ്‌തുവെങ്കിലും വിമതര്‍ വഴങ്ങിയില്ല.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ അവഗണിച്ചുവെന്നും യെദ്യൂരപ്പ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നുമാണ് വിമതരുടെ ആരോപണം. ഇതിന്റെ പേരിലാണ് അവര്‍ കലാപമുണ്ടാക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ മറ്റു ചില നടപടികളാണ് കര്‍ണാടക ബിജെപി ഘടകത്തിലെ പ്രബലരായ റെഡ്‌ഡി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്.
അടുത്തിടെ ചരക്കുലോറികള്‍ക്കും ഖനികള്‍ക്കും നികുതി കൂട്ടിയതും ബെല്ലാരിയിലെ എസ്‌പിയുള്‍പ്പെടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും വിമതര്‍ക്ക് തിരിച്ചടിയായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ ഏറ്റവുമധികം ബാധിച്ചത് ബെല്ലാരിയിലെ ഖനിയുടമകളായ കരുണാകരറെഡ്ഡിയെയും ജനാര്‍ദന റെഡ്ഡിയെയുമായിരുന്നു.












Click it and Unblock the Notifications