കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍ രാജ്യസഭ പാസാക്കി

  • By Rajya Sabha Passes Women's Bill
Google Oneindia Malayalam News

Parliament
ദില്ലി:രണ്ട് ദിവസം നീണ്ടുനിന്ന നാടകീയവും പ്രക്ഷുബ്ധവുമായ രംഗങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ വനിതാ സംവരണ ബില്‍ രാജ്യസഭ പാസ്സാക്കി. സഭയിലുണ്ടായിരുന്ന187 അംഗങ്ങളില്‍ 186 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഒരു എംപി ബില്ലിനെ എതിര്‍ത്തു.

ഇതോടെ വനിതാ ബില്‍ നിയമമാക്കിയെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ പാതിവഴിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ബില്‍ ലോക്സഭയിലെത്തുന്പോള്‍ കൂടുതല്‍ കടുത്ത എതിര്‍പ്പ് സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന കാര്യമുറപ്പാണ്. പ്രത്യേകിച്ച് യുപിഎയിലെ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പോലും ബില്ലിനെതിരെ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെ വന്‍വെല്ലുവിളികളാണ് കാത്തിരിയ്ക്കുന്നത്.
06:43 PM

പ്രധാനമന്ത്രി മറുപടി പറഞ്ഞു
വനിത ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മറുപടി പറഞ്ഞു. വനിതാ ബില്‍ ഒരു വലിയ ചുവട് വെയ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴിക്കകല്ലാണ്. രാജ്യനിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്കുറപ്പിയ്ക്കന്നതാണ് ഈ നിയമം. പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ബില്‍ എതിരല്ലെന്നും ന്യൂനപക്ഷങ്ങളുടെ ഉന്നമനം യുപിഎയുടെ ലക്ഷ്യമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇതിന് ശേഷം ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ നിയമമന്ത്രി വീരപ്പ മൊയ് ലി രാജ്യസഭ പാസാക്കാനൊരുങ്ങുന്നത് ഒരു മഹത്തായ ബില്ലാണെന്നും നമ്മെ സംബന്ധിച്ച് ഇതൊരു മഹത്തായ ദിമാണെന്നും പറഞ്ഞു.
06:30 PM

മമതയുടെ പിന്തുണയഭ്യര്‍ത്ഥിച്ച് സോണിയ
വനിതാ ബില്ലിന്‍ മേലുള്ള വോട്ടെടുപ്പ് ബഹിഷ്ക്കരിയ്ക്കാനുള്ള നീക്കത്തില്‍ നിന്നും മമതാ ബാനര്‍ജി പിന്‍മാറണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അഭ്യര്‍ത്ഥിച്ചു. ബില്ലിന് തൃണമൂലിന്റെ പിന്തുണ ആവശ്യമാണെന്നും സോണിയ പറഞ്ഞു. ബില്ലവതരണവുമായി ബന്ധപ്പെട്ട് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒന്നിച്ചത് മമതയെ പ്രകോപിപ്പിച്ചിരുന്നു.
06:20 PM

തൃണമൂല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല
വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍നിന്ന് യുപിഎ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് സൂചന.

ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വിട്ടുനില്‍ക്കുകയാണ്. രാജ്യസഭയില്‍ രണ്ട് അംഗങ്ങളാണ് തൃണമൂലിനുള്ളത്.

വനിതാ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യമായ തിടുക്കം കാട്ടിയെന്നും ബില്‍ പാസാക്കുന്നതു സംബന്ധിച്ച തന്ത്രങ്ങളെക്കുറിച്ച് തങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജി വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ മമത ബാനര്‍ജിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായികോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞു.
5:32 PM

ബില്‍ രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കും: വൃന്ദ

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കാന്‍ ശേഷിയുള്ള വനിതാ ബില്‍ പാസാക്കണമെന്ന് ഇടതുപക്ഷ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇതിനായി യുപിഎയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
04:06PM

ദില്ലി: വനിതാ ബില്‍ സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ച ആരംഭിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയാണ് ചര്‍ച്ച തുടങ്ങിവച്ചത് .

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും സംവരണം വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബില്ലിനെ എതിര്‍ക്കുന്നവരുടെ അഭിപ്രായവും രേഖപ്പെടുത്തണം. ബിജെപി ബില്ലിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് വൃന്ദ കാരാട്ടാണ് ബില്ലിനെക്കുറിച്ച് സംസാരിക്കുകയാണ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി അംഗങ്ങളെ പുറത്താക്കിയ ശേഷമാണ് ചര്‍ച്ച ആരംഭിച്ചത് .
04:05 PM
ഇടതും ബിജെപിയും പിന്തുണ വ്യക്തമാക്കി
ദില്ലി: വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടു. എസ്.പി, ആര്‍ജെഡി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് രാജ്യസഭയില്‍ ബില്‍ വോട്ടിനിട്ടത് .

മാര്‍ഷല്‍മാര്‍ സഭയിലെത്തി സസ്പെന്‍ഡ് ​ ചെയ്ത അംഗങ്ങളെ പുറത്താക്കിയ ശേഷമായിരുന്നു നടപടികള്‍. എസ് പി, അര്‍ ജെ ഡി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെ ബില്ലിന്‍‌മേലുള്ള ചര്‍ച്ച തുടങ്ങിവെക്കാന്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ അധ്യക്ഷന്‍ ഹമീദ് അന്‍സാരി ക്ഷണിച്ചെങ്കിലും ബഹളം ശമിച്ചില്ല.

ഇതിനിടെയാണ് ബില്‍ വോട്ടിനിടാന്‍ അധ്യക്ഷന്‍ ഉത്തരവിട്ടത്. എന്നാല്‍ ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന നിലപാടില്‍ ബി ജെ പി ഉറച്ചു നില്‍ക്കുകയായിരുന്നു.
03:30PM

വനിതാ ബില്‍: രാജ്യസഭയില്‍ വീണ്ടും ബഹളം

ദില്ലി: വനിതാ ബില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ വീണ്ടും ബഹളം.

ബില്ലിനെ എതിര്‍ക്കുന്നവരുടെ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തി വച്ചു. സഭാ നടപടികള്‍ ആരംഭിക്കുന്നതിനെ മുമ്പു തന്നെ ബഹളം തുടങ്ങുകയായിരുന്നു.

ചോദ്യോത്തര വേളയില്‍ അംഗങ്ങള്‍ക്ക്‌ താല്‍പര്യമില്ലാത്തതിനാല്‍ സഭ നിര്‍ത്തിവയ്‌ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്‌ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി അറിയിച്ചു.

ഇതിനിടെ തിങ്കളാഴ്ച ഇന്നലെ രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയതില്‍ ലാലു പ്രസാദ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഖേദം പ്രകടിപ്പിച്ചു.
11:30AM

പാര്‍ലമെന്റിന് പുറത്ത് വനിതാ പ്രതിഷേധം
ദില്ലി: വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ വിവിധ വനിതാ സംഘടകള്‍ പാര്‍ലമെന്റിന് മുന്നില്‍ ചൊവ്വാവ്ച രാവിലെ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

പ്രതിഷേധപ്രകടനങ്ങള്‍ അതിരുവിട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ്‌ ലാത്തിവീശി. സംഘര്‍ഷത്തേ തുടര്‍ന്ന്‌ പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റ്‌ അടച്ചു.

ബില്ലിനെ അനുകൂലിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. രാവിലെ സഭ ചേരുന്ന സമയത്തായിരുന്നു മാര്‍ച്ച്‌.
11:15AM

വനിതാ ബില്‍: ലാലുവും മുലായവും മന്‍മോഹനെ കണ്ടു
ദില്ലി: വനിതാ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ശരദ് യാദവ്, മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവര്‍ പധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്ച നടത്തി.

ഇരുവരും ബില്ലിനോടുള്ള എതിര്‍പ്പ് പ്രധാനമന്ത്രിയ്ക്ക് മുന്നിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കി.
11:05AM

വനിതാ ബില്‍ ചൊവ്വാഴ്ച വീണ്ടും
ദില്ലി: ലോകവനിതാ ദിനത്തില്‍ വനിതാസംവരണ ബില്‍ പാസാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നം സഫലമായില്ല. ചൊവ്വാഴ്ച ബില്‍ വീണ്ടും പാര്‍ലമെന്റില്‍ പരിഗണനയ്ക്കു വരും. ബില്‍ പരിഗണിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിവിധ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും.

വനിതാബില്‍ പസാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചു നില്ക്കുന്നതില്‍ പ്രതിഷേധിച്ച് യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനായി എസ് പിയും ആര്‍ ജെ ഡിയും വാക്കാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന ബിഎസ്പി തിങ്കളാഴ്ച എസ് പിക്കും ആര്‍ ജെ ഡിക്കുമൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നില്ല.

അതേസസമയം ജനതാദള്‍ (യു) ബില്ലിന്റെ കാര്യത്തില്‍ രണ്ടു തട്ടിലാണ്. ജനതാദള്‍ (യു) അധ്യക്ഷന്‍ ശരദ് യാദവ് ബില്ലിനെ എതിര്‍ക്കുകയും പാര്‍ട്ടി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അനുകൂലിക്കുകയുമാണ്.

ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷം സഭാധ്യക്ഷന്റെ മൈക്ക് ഒടിക്കുകയും നടുത്തളത്തില്‍ സഭാലേഖകരുടെ മേശപ്പുറത്തു കയറി മുദ്രാവാക്യം വിളിക്കുകയും ബില്ലിന്റെ പകര്‍പ്പുകള്‍ വലിച്ചുകീറിയെറിയുകയും ചെയ്തിരുന്നു.

ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ആറു തവണയും ലോക്‌സഭ അഞ്ചു തവണയുമാണു നിര്‍ത്തിവച്ചത്.
സഭയില്‍ ചര്‍ച്ചയുടെ അന്തരീക്ഷമില്ലാത്ത സാഹചര്യത്തില്‍ ബില്ല് വോട്ടിനിടാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

വോട്ടെടുപ്പിനോ ചര്‍ച്ചയ്‌ക്കോ സാധ്യതയില്ലെങ്കില്‍ ചൊവ്വാഴ്ച സര്‍വ്വകക്ഷിയോഗം വിളിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെ ഇടതുപക്ഷവും ബിജെപിയും എതിര്‍ക്കുന്നു.

വനിതാ സംവരണം കൂടി നടപ്പാകുന്നതോടെ പാര്‍ലമെന്റിലെ മുസ്ലിം പ്രാതിനിധ്യം വലിയ തോതില്‍ കുറയുമെന്ന പ്രചാരണവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു മാത്രമല്ല, മുസ്ലിം സമുദായത്തിലെയും മറ്റും പിന്നാക്കക്കാര്‍ക്കു സംവരണം ആവശ്യപ്പെടുന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കൂടിയാണു മുദ്രാവാക്യം വിളിച്ചത്.

വനിതാ സംവരണത്തിനുള്ളില്‍ പിന്നാക്ക സംവരണം പരിഗണിക്കണമെന്ന അഭിപ്രായം ബില്ലിനെ അനുകൂലിക്കുന്ന പല പാര്‍ട്ടികള്‍ക്കുമുണ്ട്. സീറ്റ് കുറയ്ക്കാതെ, രണ്ടംഗ മണ്ഡലങ്ങളിലൂടെ സംവരണം നടപ്പാക്കാമെന്ന നിര്‍ദേശവും ഉന്നയിക്കപ്പെട്ടിരുന്നു.

പ്രതിഷേധങ്ങള്‍ തടയാന്‍ ഒരുക്കമില്ലാതെ ബില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി ആത്മാര്‍ഥതയില്ലാത്തതാണെന്നു ബിജെപിയും ഇടതു പാര്‍ട്ടികളും ആരോപിച്ചു. ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സിപിഎം തിങ്കളാഴ്ച നിലപാടു മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X