പ്രണയം: കോള്‍സെന്റര്‍ ജീവനക്കാരിയെ കൊന്നു

23വയസ്സുള്ള പൂജാ ജെയ്‌സ്വാള്‍ ആണ് കൊല്ലപ്പെട്ടത്. ഹോളി ആഘോഷത്തിന്റെ പിറ്റേദിവസമാണ് യഥാര്‍ത്ഥത്തില്‍ കൊല നടന്നത്. പിറ്റേന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ മാര്‍ച്ച് 10ന് വ്യാഴാഴ്ചമാത്രമാണ് കൊല്ലപ്പെട്ടത് പൂജയാണെന്ന് തിരിച്ചറിഞ്ഞത്. ഫരീദാബാദിലെ ഒരു കുളത്തില്‍ നിന്നാണ് പൂജയുടെ മൃതദേഹം കണ്ടുകിട്ടിയത്. മാര്‍ച്ച് ഒന്നിന് ദില്‍ജിത്ത് പൂജയെ ഹോളി ആഘോഷിക്കാനായി ഫരീദാബാദിലേയ്ക്ക് കൂടെക്കൊണ്ടുപോയിരുന്നു.
ഫരീദാബാദിലെത്തിയശേഷം ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പൂജ കുളത്തില്‍ ചാടിമരിയ്ക്കുകയായിരുന്നോ അതല്ല ദില്‍ജിത്ത് ഇവരെ കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
മാര്‍ച്ച് രണ്ടിന് കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാതെ പൊലീസ് അഞ്ചുദിവസം സൂക്ഷിച്ചു. അവകാശികളൊന്നും എത്താത്തതിനെത്തുടര്‍ന്ന് അഞ്ചാം ദിവസം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പൂജയുടെ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടിയതോടെയാണ് അന്വേഷണത്തില്‍ പുരോഗിതയുണ്ടായത്.
അതിലേക്ക് വന്ന അവസാനത്തെ കോള്‍ ദില്‍ജിത്തിന്റെതായിരുന്നു. കമ്പനിയില്‍ പൂജയുടെ ടീം ലീഡറായിരുന്നു ദില്‍ജിത്ത്. ഹോളിയുടെ അന്ന് തന്റെ ടീമിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ പൂജയെ ക്ഷണിച്ചു.
ഉച്ചയ്ക്ക് ഒരുമണിയോടെ പൂജ നോയ്ഡയിലെ താമസസ്ഥലത്തുനിന്നും ആഘോഷത്തില്‍ പങ്കെടുക്കാനായി യാത്രതിരിച്ചു. വീട്ടിലുണ്ടായിരുന്ന സഹോദരിയോട് ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞാണത്രേ പൂജ ഇറങ്ങിയത്.
ഇതിനിടെ ഏഴ് തവണ ദില്‍ജിത്ത് പൂജയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സംസാരം താന്‍ കേട്ടിരുന്നുവെന്നും വരുമ്പോള്‍ ഓഫിസിലെ തിരിച്ചറില്‍ കാര്‍ഡ് എടുക്കേണ്ടെന്ന് ഫോണ്‍ചെയ്തയാള്‍ പൂജയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നും അവരുടെ സഹോദരി പൊലീസിന് മൊഴി നല്‍കി.
കൊലപാതകം ചെയ്യാന്‍ കരുതിക്കൂട്ടിത്തന്നെയായിരിക്കും ദില്‍ജിത്ത് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ദില്‍ജിത്തിന് പൂജയോട് പ്രണയമുണ്ടായിരുന്നുവെന്ന് ഇയാളോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
പൂജയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണത്രേ. ഇക്കാര്യമറിഞ്ഞ ദില്‍ജിത്ത് വിവാഹം മുടക്കാന്‍ പദ്ധതിയിടുകയും അതിനായി ഹോളി ദിനം തിരഞ്ഞെടുക്കുകയും ചെയ്തതാവാമെന്ന്് പൊലീസ് പറയുന്നു.












Click it and Unblock the Notifications