വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു
ഏപ്രില്‍ 22ന് വ്യാഴാഴ്ച പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിനേറ്റ ഇടികാരണം ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തലയ്ക്കും വാരിയെല്ലിനും കൈയ്ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
വാരിയെല്ലിനേറ്റ പൊട്ടലും ശ്വാസതടസ്സവും കാരണം സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തിങ്കളാഴ്ച രാവിലെ തീര്‍ത്തും വഷളായി. അധികം വൈകാതെ മരണം സംഭവിയ്ക്കുകയായിരുന്നു.
വഴുതക്കാട് വിമന്‍സ് കോളേജിന് പിന്നിലുള്ള വനിതാ ഹോസ്റ്റലിന് മുന്നില്‍ വച്ച് രാധാകൃഷ്ണനെ പാല്‍ കൊണ്ടുവരുന്ന മിനിലോറി ഇടിക്കുകയായിരുന്നു.
1927 ആഗസ്ത് 21 ന് ആര്‍.വാസുദേവന്റേയും ജി.ദാക്ഷായണിയുടേയും മകനായിട്ടാണ് രാധാകൃഷ്ണന്റെ ജനനം. ആലുവ യു.സി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം ലോകോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയ വര്‍ക്കല ദീര്‍ഘകാലം അഭിഭാഷകനായി ജോലി നോക്കി.
ഒരു എഴുത്തുകാരന്‍ കൂടിയായ വര്‍ക്കല ആനുകാലികങ്ങളില്‍ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങളും പാര്‍ലമെന്റ് നടപടികളെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റായും കേരള സ്‌റ്റേറ്റ് ലോയേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1980, 1982, 1987,1981 വര്‍ഷങ്ങളില്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987 മുതല്‍ 1991 വരെ എട്ടാം നിയമസഭയുടെ അധ്യക്ഷനായിരുന്നു. 1998 ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഫൈനാന്‍സ് കമ്മറ്റി, സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി, വാണിജ്യ മന്ത്രാലയം കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നു. പിന്നീട് 1999 ലും 2004 ലും വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1967 ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. പരേതയായ പ്രൊഫസര്‍ സൗദാമിനിയാണ് ഭാര്യ. മക്കള്‍, ആര്‍.കെ ഹരി, ആര്‍.കെ ജയശ്രീ, ആര്‍.കെ ശ്രീലത