26/11സാക്ഷിയ്ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കിയില്ല
മുംബൈ: 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായിപ്പോയതിന്റെ പേരില്‍ ദേവിക റോട് വാന്‍ എന്ന പെണ്‍കുട്ടിയ്ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെടുന്നു.
പതിനൊന്നുകാരിയായ ദേവികയെ പ്രവേശിപ്പിച്ചാല്‍ തീവ്രവാദികള്‍ സ്‌കൂളിനെ ലക്ഷ്യമിടുമോയെന്നാണ് അധികൃതര്‍ക്ക് ഭയം.
ബാന്ദ്രയിലെ ന്യൂ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ തന്റെ മകള്‍ക്ക് അഡ്മിഷന്‍ നിഷേധിച്ചിരിക്കുകയാണ്. അവള്‍ക്ക് പ്രവേശനം നല്‍കിയാല്‍ സ്‌കൂളിനു നേരെ ഭീകരാക്രമണം ഉണ്ടാകുമോ എന്നാണ് അധികൃതരുടെ ഭയം- ദേവികയുടെ പിതാവ് നട്‌വര്‍ലാല്‍ റോട്‌വാന്‍ പറയുന്നു.
അഞ്ചാം ക്ലാസില്‍ ദേവികയ്ക്ക് പ്രവേശനം നല്‍കാമെന്ന് ആദ്യം സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ വാക്കുമാറ്റി. മുംബൈ ഭീകരാക്രമണത്തില്‍ ദേവികയ്ക്ക് പരുക്കേറ്റിരുന്നു എന്നൊരു കത്ത് സര്‍ക്കാരില്‍ നിന്ന് വാങ്ങി സ്‌കൂളില്‍ അഡ്മിഷന്‍ ഫോമിനൊപ്പം സമര്‍പ്പിക്കണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.
തങ്ങള്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കെ മറ്റ് നൂറു നടപടിക്രമങ്ങള്‍ പറഞ്ഞ് കുട്ടിയുടെ അഡ്മിഷന്‍ നിഷേധിക്കുകയാണ് അധികൃതരെന്ന് പിതാവ് ആരോപിക്കുന്നു.
ഛത്രപതി ശിവാജി ടെര്‍മിനസി(സി എസ് ടി)ല്‍ 26/11ന് ഉണ്ടായ ഭീകരാക്രമണത്തില്‍ ദേവികയ്ക്ക് പരുക്കേറ്റിരുന്നു.
പിന്നീട്, റയില്‍വെ സ്‌റ്റേഷനില്‍ ആളുകളെ വെടിവച്ച് കൊന്ന പാക് ഭീകരന്‍ അജ്മല്‍ കസബിനെ ദേവിക തിരിച്ചറിയുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണക്കേസിന്റെ സാക്ഷിപ്പട്ടികയില്‍ കോടതി ദേവികയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications