എകെജിയുടെ വീട് പൊളിക്കുന്നത് സിപിഎം തടഞ്ഞു
കണ്ണൂര്‍: വിപ്ലവനായകന്‍ എ.കെ.ജി.യുടെ കുടുംബവീട് പൊളിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പെരളശേരിയിലുള്ള വീടാണ് ഇപ്പോഴത്തെ ഉടമസ്ഥനും എകെജിയുടെ മരുമകളുടെ മകനുമായ സദാശിവന്‍ പൊളിക്കാന്‍ തീരുമാനിച്ചത്.
പുതിയ വീട് വയ്ക്കാന്‍ വേണ്ടിയാണ് പഴയവീട് പൊളിച്ചുതുടങ്ങിയത്. പെരളശ്ശേരിയില്‍ എകെജിയുടെ ശവകുടീരത്തിന് തൊട്ടടുത്ത് 15 സെന്റിലാണ് വീട്.
തിങ്കളാഴ്ച രാവിലെ പണിക്കാരെത്തി വീട് പൊളിച്ചുതുടങ്ങിയപ്പോള്‍ സിപിഎം പെരളശ്ശേരി ബ്രാഞ്ച് സെക്രട്ടറി ഒ.പി.അച്യുതന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു.
പ്രവര്‍ത്തകര്‍ എത്തുമ്പോഴേയ്ക്കും രണ്ട് നിലയുള്ള മാളികവീടിന്റെ അടുക്കളയുള്‍പ്പെടെയുള്ള ഏതാനും ഭാഗങ്ങള്‍ പൊളിച്ചുകഴിഞ്ഞിരുന്നു. പൊളിക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം വീട് താഴിട്ട് പൂട്ടുകയും മഴ നനയാതിരിക്കാന്‍ ടാര്‍പോളിന്‍ കെട്ടുകയും ചെയ്തു.
എകെജി ജനിച്ചുവളര്‍ന്ന വീടാണിത്. അദ്ദേഹം പാര്‍ലമെന്റംഗമായപ്പോഴാണ് പുതുക്കിപ്പണിതത്. എകെജി കണ്ണൂരില്‍ വരുമ്പോള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. ജ്യോതിബസു, നൃപന്‍ ചക്രവര്‍ത്തി തുടങ്ങിയ ഒട്ടുമിക്ക നേതാക്കളും ഇവിടെ വന്നിട്ടുണ്ട്.
അമ്മയെ സംസ്‌കരിച്ചതിന് സമീപം തന്നെയും സംസ്‌കരിക്കണമെന്ന് എകെജി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാലാണ് അദ്ദേഹത്തെയും ഈ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതും ഈ വീട്ടിലാണ്.
ആദ്യം സ്ഥാപിച്ച ശവകുടീരം 2008 ഏപ്രിലിലാണ് പുനര്‍നിര്‍മിച്ചത്. വീട് ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഉടമകള്‍ ഇക്കാര്യം അനുവദിക്കുമെന്നാണ് കരുതുന്നതെന്നും അതല്ലെങ്കില്‍ വേണ്ടരീതിയില്‍ കാര്യങ്ങള്‍ നീക്കുമെന്നും പാര്‍്ട്ടി വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, എകെജി. ജനിച്ചുവളര്‍ന്നത് ഈ വീട്ടിലല്ലെന്നും പെരളശ്ശേരി അമ്പലത്തിന് സമീപമുള്ള ചെമ്പകശ്ശേരി വീട്ടിലാണെന്നും വീടിന്റെ ഉടമയായ എ.കെ.സദാശിവന്‍ പറയുന്നു. പുതിയ വീട് നിര്‍മിക്കുന്നതിനായാണ് വീട് പൊളിക്കാന്‍ തീരുമാനിച്ചത്. ഇതിന് ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് വന്നതിനാല്‍ തത്കാലം നിര്‍ത്തിവെച്ചതായും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനില്‍ ഉദ്യോഗസ്ഥനാണ് സദാശിവന്‍.












Click it and Unblock the Notifications