മൂത്രപ്പുരയില്ലാത്ത സ്‌കൂള്‍; കോടതിയ്ക്കു ഞെട്ടല്‍

തലസ്ഥാനത്തു പോലും സര്‍ക്കാര്‍ സ്‌കൂളില്‍, അതും പെണ്‍കുട്ടികള്‍ പഠിക്കുന്നിടത്തു ടോയ്‌ലറ്റ് സൌകര്യമില്ലെന്നതു വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്‌കൂളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ക്കായി അനുവദിച്ച 220 കോടി രൂപ സര്‍ക്കാര്‍ പാഴാക്കിയെന്ന ആക്ഷേപം സത്യമാണെങ്കില്‍ അധികാരികള്‍ക്ക് ഇതില്‍പരം നാണക്കേടി്ല്ല- കോടതി കുറ്റപ്പെടുത്തി.
നൂറു ശതമാനം സാക്ഷരതയുടെയും ആരോഗ്യരംഗത്തെ മുന്നേറ്റത്തിന്റെയും പേരില്‍ അഹങ്കരിക്കാന്‍ കേരളത്തിന് എന്തവകാശമാണുള്ളത്? കുടിവെള്ളവും ടോയ്‌ലറ്റ് സൌകര്യവുമില്ലാത്ത സ്‌കൂളുകളിലേക്ക് എത്ര കുട്ടികള്‍ വരേണ്ടി വരുന്നു? സ്‌കൂള്‍ അധ്യാപകര്‍ കൂടുതലും വനിതകളാണെന്നിരിക്കെ അവര്‍ എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നു?-കോടതി ചോദിച്ചു.
സ്‌കൂളുകളിലും ശുദ്ധജലം, മൂത്രപ്പുര, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തെപ്പറ്റി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിക്കണമെന്നും ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 523 പേജുള്ള സത്യവാങ്മൂലമാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പരിശോധിച്ച ഹൈക്കോടതി സൗകര്യങ്ങള്‍ തീര്‍ത്തും കുറവായ സ്‌കുളുകള്‍ സംബന്ധിച്ച് വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയില്‍ വീണ്ടും ഫയല്‍ ചെയ്യുന്നതിന് നിര്‍ദേശം നല്കി.
കുടിവെള്ളം, ടോയ്‌ലറ്റ്, മൂത്രപ്പുര എന്നിവ ഇല്ലാത്ത സ്‌കൂളുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച വിശദവിവരങ്ങളും സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്നു കാണിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കിയ ഹര്‍ജിയില്‍, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ റിവ്യു പെറ്റീഷനാണ് ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കവെ സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി മുമ്പുതന്നെ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായിരുന്നില്ല.












Click it and Unblock the Notifications