ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തു

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് ഗോള്‍ഫ് ക്ലബ്ബ് കൈവശം വെച്ചിരുന്ന 25 ഏക്കര്‍ ഭൂമി നിയമാനുസൃതം മഹസ്സര്‍ തയ്യാറാക്കി ഏറ്റെടുത്തത്.
ഗോള്‍ഫ് ക്ലബ് ഒഴിഞ്ഞു വസ്തുവകകള്‍ കൈമാറാന്‍ 2010 മെയ് 17ന് ആണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ക്ലബ് ഭാരവാഹികള്‍ ഹര്‍ജി നല്‍കിയെങ്കിലും അത് സുപ്രീംകോടതി തളളി. അതിനെത്തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടന്നത്.
ക്ലബ്ബിന്റെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ആണ് ഈ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍. ഈ ഭരണ സംവിധാന താല്കാലികമായിരിയ്ക്കും. സമിതിയില്‍ പൊതുഭരണ സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, ടൂറിസം ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍, ഗോള്‍ഫ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുമുണ്ടാകും.
ക്ലബ് നടത്തിപ്പിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി പത്തംഗ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ക്ലബ് ഏറ്റെടുത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നടത്തിപ്പ് ചുമതല നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ വിദഗ്ദ സമിതി രൂപീകരിക്കാനാണ് ജസ്റ്റിസുമാരായ ദിപക് വര്‍മ്മയും കെഎസ് രാധാകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധിച്ചത്. വൈകാതെ സര്‍ക്കാര്‍ ഇതിനുള്ള നീക്കം നടത്തും.
ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭേദഗതി വരുത്തണമെന്ന ക്ലബ്ബിന്റെ ആവശ്യത്തില്‍ 28ന് തിരുവനന്തപുരം സബ് കോടതി വിധി പറയും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബധികൃതര്‍ ഭേദഗതി ആവശ്യപ്പെട്ടത്.
എന്നാല്‍ ക്ലബ്ബിന്റെ ആവശ്യം അനുവദിക്കരുതെന്ന് സര്‍ക്കാരിനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എസ്.വി. പ്രേമകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ പറഞ്ഞ വാദമുഖങ്ങള്‍ തന്നെയാണ് ക്ലബ്ബ് ഉന്നയിക്കുന്നതെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ വാദിച്ചു.
എന്നാല്‍ സുപ്രീംകോടതിയുടെയും ലോകായുക്തയുടെയും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉപഹര്‍ജി നല്‍കിയതെന്ന് ക്ലബ്ബിന്റെ അഭിഭാഷകന്‍ എ. അബ്ദുള്‍കരീം പറഞ്ഞു.












Click it and Unblock the Notifications