കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാധകള്‍ ഒഴിയാതെ കൊച്ചി മെട്രോ റെയില്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

ദില്ലി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച് വാര്‍ത്തകള്‍ക്ക കുറവില്ല. കേന്ദ്രം സഹായിയ്ക്കില്ല, സഹായിയ്ക്കും, സംസ്ഥാനം നടപ്പാക്കും അങ്ങനെ പോകുന്നു വാര്‍ത്തകള്‍.

പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഓഹരിപങ്കാളിയാവില്ലെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നഗര വികസന മന്ത്രി ജയ്‍പാല്‍ റെഡ്ഢി പറയുന്നത്. പദ്ധതി നടപ്പാക്കാനുള്ള എല്ലാ വഴികളും കേന്ദ്ര സര്‍ക്കാര്‍ ആരായുമെന്നാണ്. കേന്ദ്ര ആസൂത്രണ കമ്മിഷന്‍ എന്ത് പറഞ്ഞാലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്നാണോ ഈ മന്ത്രി പറയുന്നതെന്ന് വ്യക്തമല്ല. മന്ത്രി ഇത് പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹമെന്നാണ് അത്. എല്ലാ ആഗ്രഹവും നടക്കണമെന്നില്ലല്ലോ.

മൊണ്ടേക് സിംഗ് അലുവാലിയ പറയുന്നത് സിയാല്‍ മാതൃകയില്‍ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ്. പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അദമ്യമായ ആഗ്രഹം വ്യക്തമാക്കുന്നതിനിടയില്‍ മന്ത്രിയും പറയുന്നുണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച്. അതേസമയം, പദ്ധതി ഡല്‍ഹിമാതൃകയില്‍ പൊതുമേഖലയില്‍ത്തന്നെ നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സംസ്ഥാന വ്യവസായമന്ത്രി എളമരം കരീം ഡല്‍ഹി മെട്രോ റെയില്‍കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മാനേജിങ് ഡയറക്ടര്‍ ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മന്ത്രി ബുധനാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്.

പദ്ധതി ദില്ലി മെട്രോ രീതി പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതാണ് നല്ലതാണെന്നാണ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന്‍ കഴി‍ഞ്ഞ ആഴ്ച പറഞ്ഞത്. ദില്ലി മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി എളമരം കരിം ഇ ശ്രീധരനുമായി ജൂലൈ 14 ബുധനാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തും.

പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുന്നതിനെ തുടക്കംമുതലേ എതിര്‍ത്തിരുന്ന ആസൂത്രണക്കമ്മീഷന്‍ വീണ്ടും പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് വേണ്ടതെന്ന് സൂചിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഇതില്‍നിന്ന് പിന്‍വാങ്ങുന്നതായി ആശങ്കയുണ്ട്.

ഒടുവില്‍ എന്ത് നടക്കും എന്ന് ഒരു ഉറപ്പും ഇല്ല.

ഇതിനിടെ പദ്ധതി കേന്ദ്ര പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷന്‍ അപ്പെക്സ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു സര്‍വകക്ഷി നിവേദന സംഘം രൂപീകരിയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്.

കേന്ദ്ര സര്‍കാര്‍ പങ്കാളിത്തം ഉണ്ടാവുമെന്ന് കരുതി സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഉപയോഗിച്ച് ദില്ലി മെട്രോ കോര്‍പ്പറേഷന്‍ കൊച്ചിയില്‍ ഒരു ഓഫീസ് തുടങ്ങിയിരുന്നു. കൊച്ചിയില്‍ മെട്രോ റെയിലിനായി പ്രാരംഭ സര്‍വേയും തുടങ്ങിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാതെ താളം ചവിട്ടുന്ന സാഹചര്യത്തില്‍ ഈ ഓഫീസ് തുടര്‍ന്നും പ്രവര്‍ത്തിയ്ക്കുമോയെന്നത് പോലും വ്യക്തമല്ല.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെങ്കില്‍ വന്‍തോതില്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ എന്നത് വന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യമാണ്. പദ്ധതി വൈകാന്‍ ഇത് കാരണമാവും. അതുകൊണ്ട് തന്നെ പൊതു-സ്വകാര്യ പങ്കാളിത്തം എന്നത് നടക്കാത്ത സ്വപ്നമാണെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X