കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാര്‍ജിയും ടിന്റുമോനുമല്ല, കല്‍മാഡിയാണ് താരം

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: സര്‍ദാര്‍ജിയും ടിന്റു മോനും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള പരിപാടി ഉപേക്ഷിച്ചുവത്രേ. തങ്ങളുടെ കോമഡി നമ്പറുകളേക്കാള്‍ അടിപൊളി തമാശകളുമായി മറ്റൊരാള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുവരും ദില്ലിയാത്ര റദ്ദു ചെയ്തത്.

അതേ ദില്ലിയിലിപ്പോള്‍ പുതിയൊരു കോമഡി താരത്തിന്റെ വിളയാട്ടമാണ്. വേറാരുമല്ല, ഇന്ത്യ അഭി(പ)മാനപൂര്‍വം ആഘോഷിയ്ക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയാണ് ദില്ലിയിലെ പുതിയ കോമഡി ഹീറോ. കമല്‍മാഡി തമാശകളുടെ ഒരു പ്രളയമാണ് എസ്എംഎസിലൂടെയും ട്വിറ്റിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ പ്രചരിയ്ക്കുന്നതത്രേ.

കോമണ്‍വെല്‍ത്ത് സ്‌റ്റേഡിയത്തിലെ ഒരു ബള്‍ബ് മാറ്റാന്‍ എത്ര ജോലിക്കാര്‍ വേണം? ഈ എസ്എംഎസ് ചോദ്യത്തിന്റെ ഉത്തരവും അതിനൊപ്പമുണ്ട്. പത്ത് ലക്ഷം പേര്‍. എന്തിനെന്നല്ലേ, ഒരാള്‍ ബള്‍ബ് മാറ്റാന്‍, ബാക്കിയുള്ള 999999 പേര്‍ മേല്‍ക്കൂര താങ്ങി വീഴാതെ നിര്‍ത്താനും. കോമണ്‍വെല്‍ത്ത് ഗെയിംസിനെ അക്രമം നടത്താനുള്ള പ്ലാന്‍ തീവ്രവാദികള്‍ ഉപേക്ഷിച്ചത് സ്റ്റേഡിയം തകര്‍ന്ന് വീണ് മരിയ്ക്കുമോയെന്ന് പേടിച്ചാണെന്ന ജോക്കിനും പ്രചാരമേറെ.

ഗെയിംസ് സംഘാടകര്‍ക്ക് നേരെ വിമര്‍ശത്തിന്റെ കൂരമ്പുകളുകളാവുന്ന ഈ തമാശകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിയ്ക്കുന്നത്. കൂട്ട എസ്എംഎസുകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത് അയോധ്യ വിധിയുടെ പശ്ചാത്തലത്തിലല്ല, കല്‍മാഡി തമാശകള്‍ തടയാനാണെന്നും പരിഹാസവും സന്ദര്‍ഭത്തിനൊത്തു പോകുന്നുണ്ട്.

ഗെയിംസിനെ അയോധ്യ വിഷയവുമായി കൂട്ടിക്കുഴച്ചുള്ള എസ്എംഎസുകളും ക്ഷാമമില്ല, അയോധ്യ പ്രശ്‌നം പരിഹരിയ്ക്കാനുള്ള ഫോര്‍മുലയാണ് അതിലൊന്ന്. 'അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിക്കുക. അതിന്റെ ചുമതല കല്‍മാഡിയെ ഏല്‍പ്പിക്കുകയും ചെയ്യുക. പണി ഒരിക്കലും തീരില്ല. എല്ലാവരും സന്തുഷ്ടര്‍'.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചെങ്കില്‍ പരീക്ഷണപ്പറക്കലിന് സുരേഷ് കല്‍മാഡിയെ തിരഞ്ഞെടുക്കണമെന്നാണ് ഒരു വിരുതന്‍ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. ഇനിയിപ്പോ റോക്കറ്റ് വീണാലും ഇന്ത്യയ്ക്ക് ലാഭം തന്നെയാണെന്ന് ട്വീറ്റില്‍ പറയുന്നു.

തമാശകള്‍ക്കൊപ്പം പാരഡിപ്പാട്ടുകള്‍ക്കും ക്ഷാമമില്ല. നഴ്‌സറിക്കുട്ടികളുടെ പാട്ടായ 'ബാ ബാ ബ്‌ളാക്ക് ഷീപ്പിന്റെ' പാരഡിയാണ് അതിലൊന്ന്. 'ബാ ബാ കല്‍മാഡി, ഹാവ് യു എനി ഷെയിം? നോ സാര്‍, നോ സാര്‍ വി ആര്‍ ഹാവിങ് എ കോമ ലൂട്ട് ഗെയിം' എന്നിങ്ങനെയാണ് പാരഡിക്കവിതയുടെ തുടക്കം.

ഇതിലും വലിയ തമാശ മറ്റൊന്നാണ്. കല്‍മാഡിയ്‌ക്കൊപ്പം ഇരിയ്ക്കുന്ന ഉയര്‍ന്ന സംഘാടക സമിതി അംഗങ്ങളുടെയും മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെയുമൊക്കെ മൊബൈല്‍ ഫോണുകളില്‍ കല്‍മാഡി ജോക്ക്‌സിന് യാതൊരു ക്ഷാമവുമില്ലത്രേ.

മറ്റൊരു തകര്‍പ്പന്‍ ഇനം ഇതാ.
"Sir U made lakhs" എന്ന വാക്കുകിളിലെ അക്ഷരങ്ങള്‍ മാറ്റി പ്രതിഷ്ടിച്ചാല്‍ അത് "SURESH KALMADI" ആവും. ഒന്ന് ശ്രമിച്ച് നോക്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X