വ്യാജനെ സഹായിയാക്കിയ വനിതാ ഡോക്ടറെ പിരിച്ചുവിട്ടു
കോട്ടയം: ജില്ലാ ആശുപത്രിയില്‍ വ്യാജ ഡോക്ടറെ സഹായിയായി നിയമിച്ച വനിതാ ഡോക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്ന തിരുവനന്തപുരം ഡോക്ടര്‍ ദീപയെയാണ് ആരോഗ്യവകുപ്പ് പിരിച്ചുവിട്ടിരിക്കുന്നത്.
ഇതിനിടെ ഡോക്ടര്‍ ചമഞ്ഞു ചികിത്സ നടത്തിയതിനു അറസ്റ്റിലായ ചെങ്ങളം തൈച്ചേരില്‍ റോയിഷ് ടി. രാജു (22)വിനെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എം.കെ. ജീവന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ ഡി.എം.ഒ. ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. റോയിഷിനെ ആശുപത്രിയില്‍ സഹായിയായി കൂട്ടുന്നതിനെതിരേ സൂപ്രണ്ട് രണ്ടാഴ്ച മുമ്പ് ഡോക്ടറെ താക്കീതു ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സഫിയാബീവി അടക്കം ആശുപത്രി അധികൃതരില്‍ ചിലര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
റോയിഷിനെ തിങ്കളാഴ്ച വൈകിട്ടാണു കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണു പ്ലസ്ടുവും കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയും മാത്രമുള്ള പ്രതി എംബിബിഎസ് വിദ്യാര്‍ഥിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തിയതായി അറിവായത്.
ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയുടെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. മോഹന്‍ദാസും സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തി.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഡിഎംഒ ആശുപത്രിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ ഡോക്ടര്‍ ദീപ മൊഴി നല്‍കാന്‍ എത്തിയില്ല.
ദീപയുടെ ഭര്‍ത്താവ് രാജേഷുമായി പ്രതിക്കു സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണു ദീപയുമായി പരിചയപ്പെടുന്നതും ആശുപത്രിയില്‍ സഹായിയായി എത്തിയതും.












Click it and Unblock the Notifications