എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവിയ്ക്ക് പണി പോയി
ദില്ലി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സി ഒ ഒ പവന്‍ അറോറയ്ക്ക് ജോലി നഷ്ടപ്പെട്ടു. പ്രതിവര്‍ഷം 1.2 കോടി രൂപയായിരുന്നു ഈയാളുടെ ശമ്പളം, സി ഒ ഒ സ്ഥാനത്ത് പവന്‍ അറോറ നിയമിയ്ക്കപ്പെട്ടിട്ട് മാസങ്ങളേ ആയുള്ളു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മാനേജ്മെന്റാണ് അറോറയെ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്. നവംബര്‍ ഒന്നിന് ചില സ്വതന്ത്ര ഡയറക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരെ കണ്ട് അറോറയുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ധരിപ്പിച്ചിരുന്നു.
ഡയറക്ടര്‍മാരെ വേണ്ട വിധം വിവരങ്ങള്‍ ധരിപ്പിയ്ക്കാതെയാണ് അറോറയെ നിയമിച്ചതെന്നതായിരുന്നു പ്രധന പരാതി. പ്രധാനപ്പെട്ട ഫ്ലൈറ്റ് സേഫ്ടി ജോലികളില്‍ നിന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറോറയെ മാറ്റിയിരുന്നു. ഇത് ഡയറക്ടര്‍മാരെ അറിയിയ്ക്കാതെ ആയിരുന്നു നിയമനം.
സ്റ്റെഫാന്‍ സുകുമാര്‍ എന്നയാളെ ചീഫ് ഓഫ് ട്രേനിംഗ് ആയി നിയമിച്ചത് പരിശോധിയ്ക്കാനായി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ചീഫ് ട്രേനര്‍, അംഗീകാരം നേടിയ പരിശോധകനും കമ്പനിയുടെ പ്രധാന വിമാനങ്ങളില്‍ പരിചയമുള്ളയാളും ആവണമെന്ന് നിബന്ധന ഉണ്ട്. സ്റ്റെഫാന്‍ സുകുമാറിന്റെ കാര്യത്തില്‍ ഈ നിബന്ധനകള്‍ പാലിച്ചതായി ഡയറക്ടര്‍മാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ല.
സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിയ്ക്കാനായി ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു ഇവരെ നിയമിയ്ക്കാന്‍ നിര്‍ദ്ദേശം ഉണ്ടായത്.
എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായ എം എ യൂസഫ് അലി, അമിത് മിത്ര എന്നിവര്‍ ഈ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മറ്റ് സ്വതന്ത്ര ഡയറക്ടര്‍മാരായ ആനന്ദ മഹീന്ദ്ര, ഹര്‍ഷ് നിയോടിയ, റിട്ടയേഡ് എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച് മേജര്‍ എന്നിവര്‍ ഈ യോഗത്തിലുണ്ടായിരുന്നില്ല.












Click it and Unblock the Notifications