യുകെയില്‍ കുടിയേറ്റത്തിന് പരിധി നിശ്‌ചയിച്ചു
ലണ്ടന്‍: ബ്രിട്ടനിലേക്കു യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള അതിവിദഗ്ധ ജോലിക്കാരുടെ കുടിയേറ്റം 2011ഓടെ 43,000 ആയി ചുരുക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ തീരുമാനിച്ചു.
കുടുംബ, വിദ്യാര്‍ഥി വിസകളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഏഷ്യയില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടിയാണ് ഈ നീക്കം.
2011 ഏപ്രില്‍ മുതല്‍ വിദഗ്ധ ജോലിക്കാരായ 43,000 പേര്‍ക്കു മാത്രമേ വിസ അനുവദിക്കുകയുള്ളു. ഇതു സംബന്ധിച്ച് കുടിയേറ്റ ഉപദേശക സമിതി കഴിഞ്ഞയാഴ്ച സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇത്തരത്തിലുള്ള കുടിയേറ്റം പതിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു ശതമാനം വരെ കുറയ്ക്കക്കണമെന്നാണു സമിതി ശിപാര്‍ശ ചെയ്തത്. പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണു യു.കെയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതു പതിനായിരങ്ങളിലേക്കു കുറയ്ക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ബിരുദ നിലവാരത്തില്‍ താഴെയുള്ള കോഴ്‌സുകള്‍ പഠിക്കാനെത്തുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണവും വെട്ടിക്കുറയ്ക്കും. ബ്രിട്ടനില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കൊപ്പം കൊണ്ടുവരാന്‍ കഴിയുന്ന ബന്ധുക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച തുടരുകയാണ്.
മേയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സഖ്യസര്‍ക്കാരിന്റെ ഭാഗമായ ടോറികളും ലിബറല്‍ ഡെമോക്രാറ്റുകളും ചര്‍ച്ച നടത്തിയാണ് കുടിയേറ്റനിയന്ത്രണത്തിന്റെ പരിധി നിശ്ചയിച്ചത്.
യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നാണു ഭൂരിപക്ഷം കുടിയേറ്റവുമെന്നാണു ലിബറല്‍ ഡെമോക്രാറ്റുകളുടെ വാദം. എന്നാല്‍ ടോറികള്‍ ഇതംഗീകരിക്കുന്നില്ല.












Click it and Unblock the Notifications