രാജ ജഡ്ജിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു
ചെന്നൈ: മെഡിക്കല്‍ കോളജില്‍ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് ഉണ്ടാക്കിയെടുത്ത വിദ്യാര്‍ത്ഥിക്കും വിദ്യാര്‍ത്ഥിയുടെ പിതാവിനും മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കാന്‍ വേണ്ടി ചെന്നൈ ഹൈക്കോടതി ജഡ്ജിയെ മുന്‍ ടെലകോം മന്ത്രി രാജ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം.
രാജയുടെ ഇടനിലക്കാരനായി ജഡ്ജിയോട് സംസാരിച്ച മുതിര്‍ന്ന അഭിഭാഷകനെ മദ്രാസ് ഹൈക്കോടതി സസ്‌പെന്റ് ചെയ്തു. തമിഴ്‌നാട്, പോണ്ടിച്ചേരി ബാര്‍ കൌസില്‍ ചെയര്‍മാന്‍കൂടിയായ ആര്‍ കെ ചന്ദ്രമോഹനനെയാണ് സസ്‌പെന്‍ഡുചെയ്തത്.
മെഡിക്കല്‍ നിയമനവുമായി ബന്ധപ്പെട്ട മാര്‍ക്ക് തട്ടിപ്പുക്കേസില്‍ പ്രതികളായ അച്ഛനും മകനും മുന്‍കൂര്‍ജാമ്യം അനുവദിക്കാന്‍ രാജ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സംഭവം.
രാജയ്ക്കുവേണ്ടി ചന്ദ്രമോഹന്‍ ചേംബറിലെത്തി ജസ്‌റിസ് എസ് രഘുപതിയെ കണ്ടു. പ്രതികള്‍ കേന്ദ്രമന്ത്രിയായ രാജയുടെ ബന്ധുക്കളാണെന്നും അനുകൂലവിധി ഉണ്ടാകണമെന്നും ചന്ദ്രമോഹന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, ചന്ദ്രമോഹന്‍ മൊബൈല്‍ ഫോണില്‍ രാജയെ വിളിച്ച് ജഡ്ജിയ്ക്ക് നല്‍കിയെങ്കിലും അദ്ദേഹം സംസാരിയ്ക്കാന്‍ തയാറായില്ല
കേസ് തന്റെ മുന്നിലെത്തിയാല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ചന്ദ്രമോഹനു മറുപടി നല്‍കിയതായി ജസ്‌റിസ് രഘുപതി പറഞ്ഞു. രാജയുടെ പേരില്‍ ചന്ദ്രമോഹന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് 2009 ജൂലൈ ഏഴിന് ജസ്‌റിസ് രഘുപതി സുപ്രീംകോടതി ചീഫ് ജസ്‌റിസിന് കത്തെഴുതിയിരുന്നു.
കേന്ദ്രമന്ത്രി ഒരു അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജസ്‌റിസ് കഴിഞ്ഞവര്‍ഷം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു എന്നാല്‍, മന്ത്രിയുടെയും അഭിഭാഷകന്റെയും പേരു വെളിപ്പെടുത്തിയിരുന്നില്ല. ജസ്‌റിസുമാരായ എഫ് എം ഇബ്രാഹിം ഖലീഫുള്ള, എം എം സുന്ദരേശ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിപ്രകാരമാണ് കേസ് ഇപ്പോള്‍ പരിഗണിച്ചത്.
അതേസമയം താന്‍ ഒരു കേസിലും സ്വാധീനത്തിനു ശ്രമിച്ചിട്ടില്ലെന്നും തന്റെ പേരില്‍ ജഡ്ജിമാരോട് സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രാജ പ്രതികരിച്ചു.












Click it and Unblock the Notifications