എയര്‍ഹോസ്റ്റസിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്
കൊല്‍ക്കത്ത: അമിത ഭാരത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട എയര്‍ഹോസ്റ്റസിനെ തിരിച്ചെടുക്കാന്‍ എയര്‍ഇന്ത്യയോട് കോടതി നിര്‍ദ്ദേശിച്ചു. 1987ലാണ് നിപയ്ക്ക് എയര്‍ ഇന്ത്യയില്‍ ജോലി ലഭിച്ചത്.
രണ്ട് മാസത്തിനകം എയര്‍ഹോസ്റ്റസിന്റെ ആരോഗ്യനില പരിശോധിക്കാന്‍ ഒരു വൈദ്യസംഘത്തെ നിയോഗിക്കണമെന്നും ഗ്രൗണ്ട് ഡ്യൂട്ടി നല്‍കണമെന്നും ജസ്റ്റീസുമാരായ പ്രതാപ് കുമാര്‍ റായി, എം.കെ സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
44കാരിയായ നിപ ഖറിനെയാണ് 2001ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. ആ സമയത്ത് വൈദ്യസംഘത്തെ നിയോഗിച്ച് നിപയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനോ ഗ്രൗണ്ട് ഡ്യൂട്ടി നല്‍കാനോ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായില്ല.
തുടര്‍ന്ന് നിപ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എയര്‍ഇന്ത്യയുടെ നടപടിയെ സിംഗിള്‍ ബഞ്ച് ശരിവച്ചു. സിംഗിള്‍ ബഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് നിപ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നു.
പിരിച്ചുവിട്ട കാലയളവ് മുതല്‍ ഇതുവരെയുള്ള ശമ്പളം മൂന്ന് മാസത്തിനകം നല്‍കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications