ദില്ലിയില്‍ വീണ്ടും കാറിനുള്ളില്‍ പീഡനം
ദില്ലി: ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി ദില്ലി വീണ്ടും അരക്കിട്ടുറപ്പിയ്ക്കുന്നു. ഏറ്റവും പുതിയ സംഭവത്തില്‍ ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയാണ് പീഡിപ്പിയ്ക്കപ്പെട്ടത്.
രണ്ടാഴ്ച മുമ്പ് ബിപിഒ ജീവനക്കാരിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സമാനമായ അക്രമം നടന്നത്.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ സുല്‍ത്താന്‍പുരിയില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ഉപയോഗിച്ചിരുന്ന ഹ്യൂണ്ടായി ആസന്റ് കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ കാറിനുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റിയ സംഘം വാഹനം ഓടിക്കൊണ്ടിരിയ്ക്കുന്നതിനിടെ തന്നെ പീഡിപ്പിയ്ക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം പെണ്‍കുട്ടിയെ സുല്‍ത്താന്‍പുരിയില്‍ തന്നെ ഇറക്കിവിട്ടു. പീഡനത്തെ തുടര്‍ന്ന് അവശയായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് മുപ്പതുകാരിയായ ബിപിഒ ജോലിക്കാരി കാറിനുള്ളില്‍ പീഡിപ്പിയ്ക്കപ്പെട്ടത്. ദില്ലിയെ ഏറെ ഞെട്ടിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ തുടരെ തുടരെ ആവര്‍ത്തിയ്ക്കുന്നത് നഗരത്തില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഐടി-ബിപിഒ ജീവനക്കാരികളുടെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.












Click it and Unblock the Notifications