ഇനി ദീപ്തമായ ഓര്‍മ്മ

ശനിയാഴ്ച ഒന്നേകാലോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് തൃശൂരിലെത്തിയത്. രണ്ടേ കാലോടെ തൃശൂര്‍ ടൗണ്‍ഹാളിലെത്തിയ പ്രധാനമന്ത്രിയ്ക്കൊപ്പം വിവിധ രാഷ്ട്രീയകക്ഷികളിലെ ഒട്ടേറെ പ്രമുഖര്‍ ലീഡര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. കരുണാകരന്റെ മക്കളായ മുരളിയെയും പദ്മജയെയും മറ്റു അടുത്ത ബന്ധുക്കളെയും പ്രധാനമന്ത്രി അനുശോചനമറിയിച്ചു. ഇതിന് ശേഷം ഉടന്‍ തന്നെ പ്രധാനമന്ത്രി ദില്ലിയ്ക്ക് മടങ്ങി.
പ്രധാനമന്ത്രിയുടെ വരവിന് സുരക്ഷയൊരുക്കാനായി ജനങ്ങളുടെ പൊതുദര്‍ശനം ഒന്നേ കാലോടെ നിയന്ത്രിച്ചിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും കരുണാകരന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് ഈ സമയത്ത് ടൗണ്‍ ഹാളിലുണ്ടായിരുന്നത്.
മൂന്ന് മണിയോടെ തൃശൂര്‍ ഡിസിസി ഓഫീസിസ് ആസ്ഥാനമായ കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ എത്തിയ്ക്കുന്ന ഭൗതിക ദേഹത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആദരാഞ്ജലിയര്‍പ്പിയ്ക്കും. ഇതിന് ശേഷം സംസ്‌കാര കര്‍മ്മങ്ങള്‍ക്കായി തൃശൂരിലെ പൂങ്കുന്നത്തുള്ള മുരളീ മന്ദിരത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകിട്ട് നാല് മണിയോടെ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും പ്രധാന നേതാക്കളും മാത്രമാണ പങ്കെടുക്കുക. തിരക്ക് നിയന്ത്രിയ്ക്കാനാണിത്.
പ്രിയപത്‌നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപമാണ് കരുണാകരന് ചിതയൊരുക്കിയിരിക്കുന്നത്. ചിതയ്ക്ക് വേണ്ട ചന്ദനമുട്ടികള്‍ കഴിഞ്ഞദിവസം രാത്രി നിലമ്പൂരില്‍ നിന്നെത്തിച്ചിരുന്നു.
മിന്നായം പോല പാഞ്ഞ പാതയില്‍ പതിയെ...
അനന്തപുരിയുടെ വികാരനിര്‍ഭരമായ യാത്രയയപ്പിന് ശേഷം കരുണാകരന്റെ ഭൗതിക ശരീരവും വഹിച്ചു വിലാപയാത്രയില്‍ പങ്കുചേരാന്‍ പതിനായിരങ്ങളാണ് കാത്തുനിന്നിരുന്നത്. ഒരുകാലത്ത് ലീഡര്‍ മിന്നായം പോലെ പാഞ്ഞുപോയ വഴികളിലൂടെയുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര പക്ഷേ അരിച്ചരിച്ചാണ് നീങ്ങിയത്. കണ്ണീര്‍ പൂക്കളുമായി പുരുഷാരം പാതയോരത്ത് തിങ്ങിനിറഞ്ഞതോടെയാണ് ലീഡറുടെ അന്ത്യയാത്രയുടെ വേഗം കുറഞ്ഞത്.
വെള്ളിയാഴ്ച ഉച്ചക്ക് തിരുവന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര മണിക്കൂറുകളെടുത്താണ് ഓരോ ജില്ലയും പിന്നിട്ടത്. രാത്രിയായിട്ടും മിഴിയടയ്ക്കാതെ കേരളജനത അദ്ദേഹത്തിന് വേണ്ടി കാത്തുനിന്നു. പതിനെട്ട് മണിക്കൂര്‍ സമയമെടുത്ത് സ്വന്തം തട്ടകമായ തൃശൂരിലെത്തിയ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിയ്ക്കാന്‍ ഇവിടെയും ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.












Click it and Unblock the Notifications