15കാരിയെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി
കായംകുളം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മയുടെ കാമുകന്‍ വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. കറ്റാനം കളരിക്കല്‍ വടക്കതില്‍ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി(15) ആണു കൊല്ലപ്പെട്ടത്. കട്ടച്ചിറ ക്യാപ്റ്റന്‍ എന്‍.പി. പിള്ള മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അശ്വതി. സംസ്‌കാരം നടത്തി.
ജീവനൊടുക്കാന്‍ ശ്രമിച്ച കൃഷ്ണപുരം സ്വദേശി ശിവപ്രസാദിനെ (45) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്ന ശിവപ്രസാദ് ഇവര്‍ അടുപ്പക്കുറവു കാണിച്ചതിന്റെ വിരോധമാണു കൊലപ്പെടുത്താന്‍ കാരണമെന്നു പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് ആണ്‍മക്കളുമുള്ള ശിവപ്രസാദ് 10 വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവരെ ഉപേക്ഷിച്ചിരുന്നു.
അശ്വതിയുടെ അമ്മ വിജയമ്മ ക്രിസ്മസ് വിഭവങ്ങളൊരുക്കി രണ്ടു കിലോമീറ്ററോളം അകലെ വാടകയ്ക്കു താമസിക്കുന്ന ശിവപ്രസാദിനു അശ്വതിയുടെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ശിവപ്രസാദിന്റെ മുറിയില്‍നിന്ന് അപശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് അടുത്ത മുറിയിലെ താമസക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് അശ്വതി താഴെ കിടക്കുകയും തൊട്ടടുത്തായി ശിവപ്രസാദ് ഇരിക്കുന്നതും കണ്ടത്. ഇവര്‍ ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചുവരുത്തി. പൊലീസ് എത്തിയപ്പോഴേക്കും അശ്വതി മരിച്ചു. വായില്‍നിന്നു നുരയുംപതയും വന്ന നിലയില്‍ കണ്ട ശിവപ്രസാദിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയാണ്.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിവപ്രസാദ് വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മുറിക്കുള്ളില്‍നിന്നു ശിവപ്രസാദ് എഴുതിയതെന്നു കരുതുന്ന രണ്ട് കത്തുകളും പൊലീസിന് ലഭിച്ചു. ഡിസംബര്‍ മൂന്ന് എന്നു രേഖപ്പെടുത്തിയ കത്തില്‍ വിജയമ്മയെ കൊല്ലുമെന്ന് എഴുതിയിരുന്നതായും പൊലീസ് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിണങ്ങിയ വിജയമ്മ സഹോദരിയുടെ വീട്ടിലാണ് ശിവപ്രസാദും മക്കളുമൊത്ത് താമസിച്ചത്. ഒന്നരമാസം മുമ്പ് ഭര്‍ത്താവുമായി വിജയമ്മ വീണ്ടും അടുത്തിരുന്നു. ഇതാണ് ശിവപ്രസാദിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications