വില കയറുന്നു; യുപിഎയില്‍ തമ്മിലടി

എന്‍സിപി വക്താവ് ഡിപി ത്രിപാഠി തുറന്നടിച്ചു. യുപിഎ സംവിധാനത്തിനുകീഴില്‍ കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്‍കുന്നതും പ്രഥമസ്ഥാനം വഹിക്കുന്നതുമായ കോണ്‍ഗ്രസ് പ്രതികരണത്തില്‍ വിനയം പ്രകടിപ്പിക്കണമെന്നും രാഹുലിന്റെ പ്രസ്താവന ധിക്കാരമെന്നു തോന്നിക്കുന്ന തരത്തില്‍ ആവരുതായിരുന്നുവെന്നും ത്രിപാഠി പറഞ്ഞു.
ലഖ്‌നൊവില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേ, വിലക്കയറ്റവും അഴിമതിയും തടയാന്‍ പറ്റാത്തത് കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണമില്ലാത്തതുകൊണ്ടാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ില്‍ ഭക്ഷ്യകൃഷി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന എന്‍.സി.പി നേതാവ് ശരദ് പവാറിനെ ഉന്നം വെയ്ക്കുന്നതായിരുന്നു പ്രസ്താവന. ഇത് മനസ്സിലാക്കിക്കൊണ്ടാണ് എന്‍സിപി രാഹുലിനെതിരെ ആഞ്ഞടിച്ചത്.
ലോകത്ത് 65 രാജ്യങ്ങളിലും കൂട്ടുകക്ഷി ഭരണമാണ് നിലവിലുള്ളത്. ഇറ്റലിയിലും കൂട്ടുകക്ഷി സര്‍ക്കാറാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പരോക്ഷമായി കളിയാക്കുംവിധം ത്രിപാഠി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ കാലത്തേതുപോലെ വിലക്കയറ്റം തടയാന്‍ എന്താണ് കേന്ദ്രസര്‍ക്കാറിന് കഴിയാത്തതെന്നായിരുന്നു രാഹുലിനോട് ലഖ്‌നൗവിലെ ഒരു വിദ്യാര്‍ഥിയുടെ ചോദ്യം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണമായിരുന്നുവെന്ന് രാഹുല്‍ മറുപടി നല്‍കി. ഈ പരാമര്‍ശത്തെയും ത്രിപാഠി ചോദ്യം ചെയ്തു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് വിലക്കയറ്റത്തിനെതിരെ ഏറ്റവും ശക്തമായ ബഹുജന സമരമുണ്ടായതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
സര്‍ക്കാരിന് തലവേദനയായ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ വ്യവസായ വളര്‍ച്ചാ മുരടിപ്പും കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിലപ്പെരുപ്പം നിയന്ത്രിയ്ക്കാന്‍ വഴി തേടി രണ്ട് ദിവസമായി മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് വ്യവസായിക വളര്‍ച്ച വന്‍തോതില്‍ ഇടിഞ്ഞ വാര്‍ത്തകളും പുറത്തുവന്നത്. കഴിഞ്ഞ നവംബറില്‍ 11.3 ശതമാനമായിരുന്ന വ്യവസായിക വളര്‍ച്ചാ നിരക്ക് ഈ നവംബറില്‍ 2.7 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ധനരംഗത്ത് അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്.












Click it and Unblock the Notifications