പിബി മലക്കംമറിഞ്ഞു: വിഎസിനെതിരെ നടപടിയില്ല

ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരത്തിലൊരു പ്രശ്‌നം പിബിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടേയില്ലെന്ന് എസ്ആര്‍പി പറഞ്ഞത്. പാര്‍ട്ടിയോട് അന്വേഷിക്കാതെ ലോട്ടറി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടനടപിയില്‍ വിഎസിനെ പാര്‍ട്ടി ശാസിയ്ക്കുമെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഈ പ്രശ്‌നം പിബി ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിതെന്നും എസ്ആര്‍പി പറഞ്ഞു. മാത്രമല്ല ഈ വാര്‍ത്ത എവിടെനിന്നും വന്നുവെന്നറിയാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.
പത്രങ്ങളില്‍ വന്ന വാര്‍ത്ത പിബി തീരുമാനം അല്ല. അതെങ്ങനെ വന്നു എന്നറിയില്ല. ഒരു പിബി അംഗവും ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത കൊടുക്കില്ല. വാര്‍ത്തയെങ്ങനെ വന്നെന്നു മാധ്യമങ്ങള്‍ തന്നെയാണു അന്വേഷിച്ചു കണ്ടെത്തേണ്ടത്.
ലോട്ടറി കേരളത്തിന്റെ ആഭ്യന്തര വിഷയമാണ്. കേരളഘടകത്തില്‍ മാത്രമാണ് ഇതു ചര്‍ച്ച ചെയ്യേണ്ടത്. കേന്ദ്ര തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. രാജ്യത്തു നടക്കുന്ന എല്ലാ വിഷയങ്ങളും പിബിയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ അച്ചടക്ക നടപടിയെടുത്തെന്ന തരത്തില്‍ വാര്‍ത്ത വരുന്നത് വളരെ ഗൌരവമേറിയ കാര്യമാണ്, അതിനാല്‍ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്- പിള്ള പറഞ്ഞു.
നേരത്തേ അച്ചടക്ക നടപടിയുടെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇതാരാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് വിഎസ് പിബിയെ സമീപിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.
ലോട്ടറി പ്രശ്‌നത്തില്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു സംസ്ഥാന ഘടകം ആവശ്യപ്പെട്ടതെന്നും എന്നാല്‍ ശാസന മതിയെന്ന് പിബി തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ വിഎസിനെതിരെ നടപടിയെടുക്കുന്നത് ബുദ്ധിയാകില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നായിരിക്കാം എസ്ആര്‍പി വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ലോട്ടറി പ്രശ്‌നത്തില്‍ ഉറച്ചനിലപാടെടുത്ത വിഎസിനെതിരെ നടപടിയെടുക്കുന്നത് സിപിഎമ്മിന് നാണക്കേടാണെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് തിങ്കളാഴ്ച അഭിപ്രായപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications