പിണറായി കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചു: കുഞ്ഞനന്തന്‍
കണ്ണൂര്‍: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താനായി പിശശിയെ നിയോഗിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞനന്തന്‍നായര്‍ പിണറായിയ്‌ക്കെതിരെ തിരഞ്ഞത്.
കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താനുള്ള ദൗത്യം പിണറായി ഏല്‍പിച്ചത് പി. ശശിയെയാണ്. അതിനാലാണ് പിണറായി ഇപ്പോള്‍ ശശിയെ രക്ഷിക്കാന്‍ വെപ്രാളം കാട്ടുന്നത്- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.
1996ല്‍ നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, അന്നത്തെ പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കി കുറ്റപത്രം നല്‍കാനായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. ഇതിനിടെ കുഞ്ഞാലിക്കുട്ടി പിണറായിയുമായി ബന്ധപ്പെട്ടു.
സിപിഎമ്മിന് തുടര്‍ച്ചയായി ഭരണം പിടിക്കണമെങ്കില്‍ മുസ്‌ലിംലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുക്കണമെന്നും ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചാല്‍ ഇത് സാധിക്കുമെന്നും പിണറായി വാദിച്ചു.
ഇതിനായി പാലോളി മുഹമ്മദ് കുട്ടി, ടി. ശിവദാസ മേനോന്‍ എന്നിവരെ ചുമതലപ്പെടുത്തി. ചര്‍ച്ചകളും നടന്നു. ഇതിന്റെ ഭാഗമായാണ് 2001ലെ തെരഞ്ഞെടുപ്പില്‍ സിപിഎം അടവുനയം നടപ്പാക്കിയത്. ഒപ്പം കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പി. ശശിയെ നിയോഗിക്കുകയും ചെയ്തു- അദ്ദേഹം വെളിപ്പെടുത്തി.
കുഞ്ഞാലിക്കുട്ടി ശശിയോടൊപ്പം കല്യാശ്ശേരിയിലെ വീട്ടിലെത്തി നായനാരുടെ കാലുപിടിച്ചാണ് കേസ് ഒതുക്കിയത്. പിന്നീട് പിണറായി തെറ്റ് സമ്മതിച്ചു. കുഞ്ഞാലിക്കുട്ടി യുഡിഎഫിന് ബാധ്യതയായതുപോലെ പി. ശശി ഇന്ന് എല്‍ഡിഎഫിന് ബാധ്യതയായിരിക്കുകയാണ്.
കാളകൂടം പോലെയാണ് ശശി ഇന്ന് പാര്‍ട്ടിക്ക്. തുപ്പാനും വയ്യ, ഇറക്കാനും വയ്യ. തുപ്പിയാല്‍ പിണറായിക്ക് ക്ഷീണമാകും, ഇറക്കിയാല്‍ പാര്‍ട്ടിക്കും. ഇനി കാത്തിരുന്ന് കാണാം-കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications