മധുരയില്‍ 4വയസ്സുകാരിയെ ബലി നല്‍കി?
ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിലുള്ള കച്ചൈക്കട്ടിയില്‍ നാലു വയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവം നരബലിയാണെന്ന സംശയം ശക്തമാകുന്നു. ജനുവരി ഒന്നിന് കാണാതായ കുട്ടിയുടെ മൃതദേഹം അടുത്ത ദിവസം ഒരു തൊഴുത്തിലാണ് കണ്ടെത്തിയത്.
മൃതദേഹത്തില്‍ നടന്ന പരിശോധനകളും പിന്നീട് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സ്ഥാപനം നടത്തിയ അന്വേഷണങ്ങളുമാണ് സംഭവം നരബലിയാകാമെന്ന സംശയമുണര്‍ത്തിയിരിക്കുന്നത്.
കുട്ടിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയിരിക്കുന്നത്. കണ്ണിന് താഴെ നിന്ന് കുറച്ച് മാംസം വെട്ടിമാറ്റിയിട്ടുണ്ട്. ശരീരത്തിലെ രക്തം മൂഴുവന്‍ ഊറ്റിയെടുത്ത നിലയിലായിരുന്നു.
ആടുകളെയും കോഴികളെയും മറ്റും ബലി നല്‍കുമ്പോഴും അവയുടെ ശരീരത്തിലുള്ള രക്തമെല്ലാം ഊറ്റിയെടുത്ത് ആരാധനാ മൂര്‍ത്തിക്ക് നല്‍കുകയാണ് പതിവ്. ഇതുപോലെ തന്നെയാകാം കുട്ടിയുടെ കാര്യത്തിലും സംഭവിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.
കൊലപാതകം നടന്നത് അമാവാസി രാത്രിയിലായിരിക്കാമെന്നാണ് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) പ്രവര്‍ത്തകര്‍ പറയുന്നു.
കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടാവാത്തത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications