ഐസ്ക്രീം; കുഞ്ഞാലിക്കുട്ടി മാറിനിന്നേക്കും

വിവാദത്തിലകപ്പെട്ട രണ്ടു നേതാക്കളും മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് തന്നെയാണ് യുഡിഎഫില്‍ രൂപപ്പെട്ടിരിയ്ക്കുന്ന പൊതുവായ വികാരം. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചാലും ഇല്ലെങ്കിലും 140 മണ്ഡലങ്ങളിലും ഐസ്‌ക്രീം കേസ് തിരഞ്ഞെടുപ്പ് വിഷയമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത് ആരോപണങ്ങളുടെ ശക്തി കുറയ്ക്കുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ നിഗമനം.
വിവാദം കത്തിക്കാളിയിട്ടും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പാര്‍ട്ടിയില്‍ വന്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നിട്ടില്ല. ഈ കേസില്‍ അദ്ദേഹം ഏറെ അനുഭവിച്ചുവെന്ന് തന്നെയാണ് അണികള്‍ക്കുള്ളിലെ വികാരം എന്നാല്‍ പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം പണവും അധികാരവുമുപയോഗിച്ച് കേസില്‍ നിന്ന് തലയൂരിയ നേതാവാണ് കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലിക്കുട്ടിക്കെതിരെ എന്തെങ്കിലും പൊലീസ്-നിയമനടപടികളുണ്ടായാല്‍ അത് മുന്നണിയ്ക്ക് തലവേദനയാവും. ഇതൊക്കെ മുന്‍കൂട്ടിക്കണ്ടാണ് പുതിയ ആലോചനകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ കൈവിടാനൊന്നും പാര്‍ട്ടിയും മുന്നണിയും ഒരുക്കമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആറുമാസത്തിനുള്ളില്‍ എവിടെ നിന്നെങ്കിലും വിജയിച്ചാല്‍ മതിയെന്ന സൗകര്യവുമുണ്ട്. ഇക്കാലയളവില്‍ ഐസ്‌ക്രീം കേസ് പൂര്‍ണമായി വിമുക്തി നേടാമെന്നു പാര്‍ട്ടിയും മുന്നണിയും കരുതുന്നു.
അതേ സമയം ഐസ്‌ക്രീം കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ഇന്ത്യാവിഷന്‍ ചാനലിന്റെ തലപ്പത്തുള്ള മുനീറും തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാവില്ലെന്നാണ് വിലയിരുത്തലുകള്‍. സിഎച്ചിന്റെ മകനെന്ന അനുകൂല വികാരമുണ്ടെങ്കിലും താനറിയാതെയാണ് ചാനല്‍ റിപ്പോര്‍ട്ട് വന്നതെന്ന മുനീറിന്റെ സാക്ഷ്യം വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടിയും അണികളും തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ മുനീറിന് വോട്ടുകുത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും. ഇതാണ് മുനീറിനെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications