ഇംഗ്ലീഷ് അറിയാതെ ഇന്ത്യക്കാര്‍ വരേണ്ട: ബ്രിട്ടന്‍
ലണ്ടന്‍: ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യ നിലവാരമുള്ളവരായിരിക്കണം കുടിയേറ്റക്കാര്‍ എന്ന വ്യവസ്ഥയോടെ ബ്രിട്ടന്‍ കുടിയേറ്റ നിയമം കര്‍ശനമാക്കുന്നു.
കുടിയേറുന്ന കുടുംബങ്ങള്‍ സ്‌കൂളില്‍ ചേരുന്നതിനു മുന്‍പ് അവരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ചിരിക്കണമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
കുടിയേറ്റക്കാരുടെ കുട്ടികളില്‍ ആറിലൊന്നുപേര്‍ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി ഇംഗ്ലിഷ് ഉപയോഗിക്കുന്നില്ല എന്ന കാരണത്താലാണു നിയമം പരിഷ്‌കരിക്കുന്നത്. ചില സ്‌കൂളുകളില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന കുട്ടികള്‍ ന്യൂനപക്ഷമാണ്.
ബര്‍മിങ്ങാം, ബ്രാഡ്‌ഫോഡ്, ലീസസ്റ്റര്‍ എന്നിവിടങ്ങളിലെല്ലാം െ്രെപമറി സ്‌കൂളുകളിലെ 40% കുട്ടികളുടെ ഒന്നാം ഭാഷ ഇംഗ്ലിഷ് അല്ല. ഇതെല്ലാം നിയമം കര്‍ശനമാക്കാനുള്ള കാരണങ്ങളായി.
കുടിയേറ്റക്കാര്‍ വരുമ്പോള്‍ത്തന്നെ ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നു വരുന്നവര്‍ ഇംഗ്ലിഷ് അറിയാവുന്നവരാണെന്നു നിഷ്‌കര്‍ഷിച്ചിരിക്കണം. എങ്കിലേ അവര്‍ക്കു രാജ്യത്തോട് ഇഴുകിച്ചേരാന്‍ കഴിയൂ- കാമറൂണ്‍ പറഞ്ഞു.
ബ്രിട്ടിഷുകാരെ വിവാഹം കഴിക്കാന്‍ വരുന്ന വിദേശികള്‍ക്ക് ഇംഗ്ലീഷില്‍ സാമാന്യ പരിജ്ഞാനം വേണമെന്ന നിയമം 2010 സെപ്റ്റംബറില്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications