ഏഷ്യാനെറ്റ് ലേഖകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു
കോഴിക്കോട്: തിരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണത്തിനിടയ്ക്ക് മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനാണ് മര്‍ദ്ദനമേറ്റത്. ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ 'പോര്‍ക്കള'ത്തിന്റെ ചിത്രീകരണത്തിനോടുവിലാണ് പ്രകോപിതരായ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ഷാജഹാനെ കയ്യേറ്റം ചെയ്തത്.
മുതിര്‍ന്ന സി.പി.എം നേതാവ് പി.ജയരാജന്റെ സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം. ഇതു സംബന്ധിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എ.യ്ക്കും മുപ്പതോളം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ജയരാജന്‍ ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, താന്‍ ഷാജഹാനെ കൈയേറ്റം ചെയ്തുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പി.ജയരാജന്‍ എം.എല്‍.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജില്ലയിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം പി.ശശിയുമായി ബന്ധപ്പെട്ടതാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഷാജഹാന്‍ നടത്തിയത്. കോണ്‍ഗ്രസുകാരുമായി ഒത്താണ് ഷാജഹാന്‍ ഇത് ചെയ്തതെന്നും ജയരാജന്‍ ആരോപിച്ചു. പക്ഷപാതപരമായി ചര്‍ച്ച അവസാനിപ്പിക്കാനുള്ള ഷാജഹാന്റെ ശ്രമം പ്രതിഷേധത്തിനിടയാക്കി. ഷാജഹാനെ അതില്‍ നിന്ന് രക്ഷപ്പെടുത്താനാണ് താന്‍ ഇടപെട്ടതെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications