ലാവലിന്‍: വിഎസ് പിബിയ്ക്കയച്ച കത്ത് പുറത്ത്

2005 ജൂലൈ 29ന് വിഎസ് പ്രതിപക്ഷനേതാവായിരിക്കുന്ന കാലത്താണ് കത്തയച്ചിരിക്കുന്നത്. ലാവലിന്‍ അഴിമതിയില്‍ പിണറായിയുടെ പങ്ക് വളരെ വ്യക്തമാണെന്നും ഇക്കാര്യത്തില്‍ പിബി സമഗ്ര അന്വേഷണം നടത്തിയ പാര്‍ട്ടി അണികളെയും ജനങ്ങളെയും സത്യം ബോധ്യപ്പെടുത്തണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
പ്രശ്‌നത്തില്‍ തിരുത്തല്‍ നടപടികള്‍ വേഗത്തില്‍ സ്വീകരിച്ചില്ലെങ്കില്‍ ലാവലിന്‍ സിപിഎം കേരള ഘടത്തിന് മാത്രമല്ല ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് തലവേദനയാകുമെന്നും കത്തില്‍ പറയുന്നുണ്ട്.
വിഎസിന്റെ കത്തും അനുബന്ധ രേഖകളുമാണു വാര്‍ത്താസമ്മേളനത്തില്‍ പി.ടി. തോമസ് വിതരണം ചെയ്തത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ എങ്ങനെയാണ് അഴിമതി നടത്തിയതെന്ന് ഈ കത്തില്‍ അക്കമിട്ടു നിരത്തുന്നതായി തോമസ് പറഞ്ഞു. വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ വാദം രേഖകളും തെളിവും നിരത്തി വിഎസ് ഖണ്ഡിക്കുന്നു.
2006ല്‍ അക്കൌണ്ടന്റ് ജനറലിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നപ്പോള്‍ പിണറായിയുടെ പങ്കു വെളിപ്പെടുത്തുന്ന 13 വസ്തുതകള്‍ ചൂണ്ടിക്കാട്ടി വിഎസ് പിബിക്കു കത്ത് നല്‍കി.
മുഖ്യമന്ത്രി ആയശേഷം ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ നടപടി ആവശ്യപ്പെട്ടു വിഎസ് വീണ്ടും കത്ത് നല്‍കി. സിബിഐക്കു പോലും കണ്ടെത്താന്‍ കഴിയാത്ത, അഴിമതിയും നയവ്യതിയാനവും പിണറായി നടത്തിയെന്നു തെളിയിക്കുന്നതാണു വിഎസ് നല്‍കിയ രേഖകള്‍. പിണറായി ദേശദ്രോഹപരവും പാര്‍ട്ടിവിരുദ്ധവുമായ നടപടികള്‍ ചെയ്‌തെന്നു തെളിയിക്കുന്നതാണു രണ്ടാമത്തെ കത്തെന്നു തോമസ് പറഞ്ഞു.
ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടത്തിയ പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി നിയമനടപടിക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ വിഎസ് ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നു പി.ടി. തോമസ് ആവശ്യപ്പെട്ടു.
ആദ്യം നിഷേധിക്കപ്പെട്ട സീറ്റ് ബ്‌ളാക്ക്‌മെയില്‍ രാഷ്ട്രീയത്തിലൂടെ വാങ്ങിയ വിഎസ് ഇപ്പോള്‍ അഴിമതിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും തോമസ് കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നിലപാട് വ്യക്തമാക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു. പി. ശശിയുടെ കാര്യത്തില്‍ സിപിഎം എടുത്ത സമീപനം തന്നെയാണോ പിണറായിയുടെ കാര്യത്തിലുമെന്നു വ്യക്തമാക്കണം. വിഎസ് കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്നു പിണറായി വിജയനും വ്യക്തമാക്കണം. കത്തില്‍ വിഎസിന്റെ ഒപ്പില്ലല്ലോ എന്ന ചോദ്യത്തിന്, വിഎസ് കത്ത് നിഷേധിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും തോമസ് പറഞ്ഞു.












Click it and Unblock the Notifications