കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി പിഎസി യോഗം അലസിപ്പിരിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: 2ജി ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും മുന്‍ ടെലികോം മന്ത്രി എ. രാജയെയും വിമര്‍ശിക്കുന്ന പാര്‍ലമെന്റ് പബ്‌ളിക് അക്കൌണ്ട്‌സ് കമ്മിറ്റിയുടെ (പിഎസി) കരടു റിപ്പോര്‍ട്ട് അനിശ്ചിതത്വത്തിലായി.

വ്യാഴാഴ്ച തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് പിഎസി യോഗത്തില്‍ അരങ്ങേറിയത്. പിഎസിയുടെ അവസാനയോഗം അലസിപ്പിരിയുകയായിരുന്നു. അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനിടെ ബിഎസ്പി, എസ്പി കക്ഷി അംഗങ്ങളുടെ പിന്തുണയോടെ റിപ്പോര്‍ട്ട് നിരാകരിച്ചതായി യുപിഎ അംഗങ്ങള്‍ അവകാശപ്പെട്ടു.

സമിതി യോഗം പിരിച്ചുവിട്ടതിനാല്‍ റിപ്പോര്‍ട്ട് നിരാകരിച്ച വോട്ടെടുപ്പു നടപടിക്കു സാധുതയില്ലെന്നു പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞു. യോഗം പിരിച്ചുവിട്ടതല്ലെന്നും അധ്യക്ഷനായ മുരളി മനോഹര്‍ ജോഷി ഇറങ്ങിപ്പോയതിനാല്‍ യോഗാധ്യക്ഷനായി കോണ്‍ഗ്രസ് അംഗം സൈഫുദ്ദീന്‍ സോസിനെ തിരഞ്ഞെടുത്തു റിപ്പോര്‍ട്ട് നിരാകരിക്കുന്ന പ്രമേയം വോട്ടിനിട്ടു പാസാക്കിയെന്നുമാണു യുപിഎ അംഗങ്ങളുടെ നിലപാട്.

റിപ്പോര്‍ട്ട് നിരാകരിക്കുന്ന പ്രമേയം അംഗീകരിച്ചതായി സൈഫുദ്ദീന്‍ സോസ് പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയെയും ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെയും രേഖാമൂലം അറിയിച്ചു.

2ജി കരടു റിപ്പോര്‍ട്ട് പക്ഷപാതപരമെന്നും വസ്തുതകള്‍ക്കു വിരുദ്ധമെന്നും ആരോപിച്ചാണു കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ ബഹളമുണ്ടാക്കിയത്. റിപ്പോര്‍ട്ട് സമിതിക്കു പുറത്തുള്ളവര്‍ തയാറാക്കി നല്‍കിയതാണെന്നു ഡിഎംകെ അംഗം ടി. ശിവ ആരോപിച്ചു. ഒന്‍പത് അംഗങ്ങള്‍ റിപ്പോര്‍ട്ട് നിരാകരിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷനു നോട്ടിസ് നല്‍കി. കരടു റിപ്പോര്‍ട്ട് അധ്യക്ഷന്‍ ചര്‍ച്ചയ്‌ക്കെടുത്തതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞു വാഗ്വാദം ആരംഭിച്ചു.

സമിതിക്കു മുന്നില്‍ ഹാജരായിട്ടില്ലാത്ത പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ടി.കെ.എ. നായരും ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറും ഏപ്രില്‍ 16നു സമിതിക്കു മുന്നിലെത്തിയതായി വസ്തുതാവിരുദ്ധമായ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വിശദമായ റിപ്പോര്‍ട്ട് പഠിക്കാന്‍ അംഗങ്ങള്‍ക്കു സമയം ലഭിച്ചില്ലെന്നും ആരോപണമുയര്‍ന്നു. കരടു റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ എത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സമിതിക്കു ലഭിച്ച തെളിവുകള്‍ ചര്‍ച്ചചെയ്യാതെ അധ്യക്ഷന്‍ വ്യക്തിപരമായാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ആരോപണമുണ്ടായി. പക്ഷപാതപരമായി റിപ്പോര്‍ട്ട് തയാറാക്കിയ അധ്യക്ഷന്‍ ജോഷി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഭരണ, പ്രതിപക്ഷ വാഗ്വാദത്തില്‍ ബഹളമയമായതോടെ വൈകിട്ടു നാലിനു വീണ്ടും ചേരാനായി യോഗം പിരിഞ്ഞു.

നാലിനു യോഗം ചേര്‍ന്നപ്പോള്‍ എസ്പി, ബിഎസ്പി അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ റിപ്പോര്‍ട്ട് നിരാകരിക്കണമെന്ന പ്രമേയത്തിനായി നോട്ടിസ് നല്‍കി. റിപ്പോര്‍ട്ടിനെ കുറിച്ച് അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ യോഗം പിരിച്ചുവിടുന്നതായി ജോഷി പ്രഖ്യാപിച്ചു.

യോഗം പിരിച്ചുവിടുന്നുവെന്ന ജോഷിയുടെ പ്രഖ്യാപനം യുപിഎ അംഗങ്ങള്‍ അംഗീകരിച്ചില്ല. ജോഷി ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളിലെ 10 അംഗങ്ങള്‍ ഇറങ്ങിയതിനു ശേഷം യുപിഎ അംഗങ്ങള്‍ ബിഎസ്പി, എസ്പി അംഗങ്ങളുടെ പിന്തുണയോടെ യോഗത്തിന്റെ അധ്യക്ഷനായി സൈഫുദ്ദീന്‍ സോസിനെ തിരഞ്ഞെടുക്കുകയായിരുന്നു.

കരടു റിപ്പോര്‍ട്ട് നിരാകരിക്കാനായി ടി. ശിവ അവതരിപ്പിച്ച പ്രമേയം 11 വോട്ടോടെ പാസാക്കി. യുപിഎയെ പിന്തുണയ്ക്കാനുള്ള രേവതി രമണ്‍സിങ് (എസ്പി), ഡോ. ബലിറാം (ബിഎസ്പി) എന്നിവരുടെ നിലപാടാണു നിര്‍ണായകമായത്.

പിഎസി അധ്യക്ഷന്റെ അഭാവത്തില്‍ ക്വോറമുണ്ടെങ്കില്‍ അംഗങ്ങള്‍ക്കു യോഗാധ്യക്ഷനെ തിരഞ്ഞെടുക്കാമെന്ന ചട്ടമനുസരിച്ചാണു നടപടിയെന്നു സൈഫുദ്ദീന്‍ സോസ് പറഞ്ഞു. റിപ്പോര്‍ട്ട് നിരാകരിക്കണമെന്ന പ്രമേയം അംഗങ്ങള്‍ അവതരിപ്പിച്ചിരിക്കേ യോഗം പിരിച്ചുവിടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വിളിച്ചുചേര്‍ത്ത പിഎസി യോഗത്തില്‍ 2ജി റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മുരളി മനോഹര്‍ ജോഷി. ബിഎസ്പിയുടെയും എസ്പിയുടെയും ഓരോ അംഗങ്ങള്‍ വിട്ടുനില്‍ക്കുമ്പോള്‍ 10 9 ഭൂരിപക്ഷത്തില്‍ റിപ്പോര്‍ട്ട് പാസാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ബിഎസ്പി, എസ്പി അംഗങ്ങള്‍ യുപിഎ പക്ഷത്തിനു പിന്തുണ വ്യക്തമാക്കിയതോടെ സമിതിയിലെ അംഗബലം 11 10 എന്ന നിലയില്‍ യുപിഎയ്ക്ക് അനുകൂലമായി.

English summary
PAC chairman Murli Manohar Joshi, who had fought against all odds to present the report on the 2G spectrum scam, was isolated by the Congress-led UPA members when his report was rejected by the PAC by 11:10 votes. Joshi was booed by the UPA members in the meet and was forced to leave in a huff, a move which helped the Cong MPs to replace him by their own member Saifuddin Soz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X