പിതൃത്വകേസ്: തിവാരി 75,000 രൂപ നല്‍കണം
ദില്ലി: പിതൃത്വകേസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍ഡി തിവാരി 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. തിവാരിയുടെ മകനാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന യുവാവായിരുന്നു കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
രോഹിത് നല്‍കിയ പിതൃത്വക്കേസില്‍ 2010 ആഗസ്ത് 13ലെ കോടതി ഉത്തരവിന്റെ തുടര്‍ച്ചയായാണിത്. തുക മെയ് പത്തിനകം കോടതി ജോയന്റ് രജിസ്ട്രാറുടെ മുമ്പാകെ രോഹിതിനു നല്‍കാനാണ് നിര്‍ദേശം.
രോഹിതിന്റെ ഹര്‍ജിയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന തിവാരിയുടെ ആവശ്യം തള്ളിയാണ് തുക നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
രോഹിതിന് പണം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ തിവാരി ഡിവിഷന്‍ബെഞ്ചില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ 2010 നവംബര്‍ 12ന് ഡിവിഷന്‍ ബെഞ്ച് ആ ആവശ്യവും തള്ളി.
2005ല്‍ ദില്ലി വിമാനത്താവളത്തില്‍വെച്ച് തന്നെ കാണുന്നതില്‍നിന്ന് തിവാരി മനഃപൂര്‍വം ഒഴിഞ്ഞുമാറിയെന്ന രോഹിതിന്റെ പരാമര്‍ശമാണ് രേഖയില്‍നിന്ന് ഒഴിവാക്കാന്‍ തിവാരി അഭ്യര്‍ഥിച്ചത്.
രോഹിതിന്റെ അമ്മയുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ തിവാരിയോട് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരെ തിവാരി ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയാണ് ചെയ്തത്.












Click it and Unblock the Notifications