ബംഗാളില്‍ സിപിഎം എംഎല്‍എ ജീവനൊടുക്കി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിപിഎം നിയമസഭാംഗമായ മുസ്തഫ ബിന്‍ കാസി(70) എംഎല്‍എ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ബാസിര്‍ഹട്ട് നോര്‍ത്തില്‍നിന്നാണ് മുസ്തഫ ഇത്തവണ നിയമസഭയിലെത്തി. നേരത്തേ രാജ്യസഭാംഗവും രാജ്യസഭാ വൈസ് ചെയര്‍മാനുമായിരുന്നു.
സ്പീക്കര്‍ തിരഞ്ഞെടുപ്പിനുവേണ്ടി തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ ഏറെനാളായി അലട്ടിയിരുന്നതില്‍ നിരാശനായാണ് അദ്ദേഹം കടുംകൈക്കു തുനിഞ്ഞതെന്ന് ആത്മഹത്യാ കുറിപ്പ് പരിശോധിച്ചശേഷം പോലീസ് അറിയിച്ചു. മുസ്തഫ കടുത്ത വിഷാദരോഗത്തിനും അടിമയായിരുന്നു.
കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു ചാടിയ എം.എല്‍.എ. താഴെയുള്ള ഷെഡിനു മുകളിലേക്കാണു വീണത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജിയും സംഭവസ്ഥലവും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയും സന്ദര്‍ശിച്ചു. അസുഖം സംബന്ധിച്ച് അറിയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമായിരുന്നെന്ന് മമത പറഞ്ഞു.
ആറാം തവണയാണ് മുസ്തഫ ബിന്‍ കാസിം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ ബദുരിയയില്‍നിന്നായിരുന്നു ആദ്യ വിജയം. 1987 മുതല്‍ ആറു വര്‍ഷം രാജ്യസഭാംഗമായിരുന്നു. അതിനിടെ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പദവിയും വഹിച്ചു.
മുസ്തഫ ബിന്‍ കാസിമിന്റെ മരണത്തോടെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അംഗബലം അറുപത്തൊന്നും സി.പി.എമ്മിന്റേത് മുപ്പത്തൊമ്പതും ആയി കുറഞ്ഞു.












Click it and Unblock the Notifications