സിപിഎമ്മും സിപിഐയും ഒന്നാകുന്നു?
ഹൈദരാബാദ്: സിപിഎമ്മും സിപിഐയും ഒന്നാവുന്നത് സംബന്ധിച്ച സൂചനയുമായി സിപിഎം പൊളിറ്റ് ബ്യൂരോ അംഗം സീതാറാം യെച്ചൂരി. സമീപഭാവിയില്‍ത്തന്നെ ലയനമുണ്ടായേയ്ക്കുമെന്ന സൂചനയാണ് യെച്ചൂരി നല്‍കിയിരിക്കുന്നത്.
എന്നാല്‍ എപ്പോള്‍ എങ്ങനെ ലയനപ്രക്രിയ പൂര്‍ത്തിയാവുമെന്നകാര്യം ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ആന്ധ്ര പ്രദേശ് യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിനിടെയാണ് യച്ചൂരി ഈ സൂചന നല്‍കിയത്.
ഇരുകക്ഷികളുടെയും ലയനം ചില പ്രത്യേക പ്രക്രിയകളിലൂടെ കടന്നു പോകേണ്ടതുണ്ട്. ബഹുജന സംഘടനകളുടെ ഐക്യരൂപവും താഴെത്തട്ടിലെ സംയുക്ത പരിപാടികളിലും തുടങ്ങി നേതൃതലങ്ങളിലേക്ക് കടന്നെത്തുന്ന രീതിയിലായിരിക്കും ഇത് ചിലപ്പോള്‍ നടപ്പാവുക- അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു പ്രക്രിയയാവും നേതൃതലത്തിലെ കൂട്ടായ്മകളെക്കാള്‍ നിലനില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബഹുജനസംഘടനകളിലെ ഒത്തൊരുമിച്ചുള്ള നിലപാടുകള്‍ പാര്‍ട്ടികളുടെ ലയനത്തിലേക്കു നയിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നുവെന്നായിരുന്നു യച്ചൂരിയുടെ മറുപടി.
1964ല്‍ പ്രത്യയശാസ്ത്രപരമായ ഭിന്നതകളെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണ് സിപിഐയും സിപിഎമ്മും രൂപപ്പെട്ടത്.
ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയാണ് സിപിഐയിലും സിപിഎമ്മിലും ലയനം എന്ന തോന്നലുണ്ടാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുകൂട്ടര്‍ക്കും ഇക്കാര്യത്തില്‍ അനുകൂലഭാവമാണെന്നാണ് സൂചന.












Click it and Unblock the Notifications