സ്വാമി മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന്?

ഡെറാഡൂണിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച് തിങ്കളാഴ്ച അന്തരിച്ച സ്വാമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ശക്തിയേറിയ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരാഹാര സത്യാഗ്രഹം നടത്തുന്നതിനിടെ മരിച്ച സ്വാമി നിഗമാനന്ദയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഗംഗയ്ക്ക് സമീപത്തെ ക്വാറികള്‍ നിര്‍ത്തലാക്കുക, കുംഭമേള നടക്കുന്ന മേഖലയില്‍ നിന്ന് കരിങ്കല്‍ ക്രഷറുകള്‍ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിബ്രവരി 19നാണ് സ്വാമി നിഗമാനന്ദ് നിരാഹാരം തുടങ്ങിയത്
ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ജില്ലാ അധികൃതര്‍ അദ്ദേഹത്തെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ആഹാരം തൊടാന്‍പോലും അദ്ദേഹം തയ്യാറായില്ല. മെയ് രണ്ടിന് അദ്ദേഹം അബോധാവസ്ഥയിലായി. ഈ സമയത്താണ് ചികിത്സയ്ക്കിടെ വിഷം നല്‍കിയതിനാലാണ് നിഗമാനന്ദ് അബോധാവസ്ഥയിലായതെന്ന ആരോപണം ആദ്യമായി ഉയര്‍ന്നത്.












Click it and Unblock the Notifications